കൊല്ലം: തിരികെ നാട്ടിലെത്തുന്ന പ്രവാസികള്‍ വീടുകളിലേക്കും ക്വാറന്‍റൈന്‍ സ്ഥാപനങ്ങളിലേക്കുമുള്ള യാത്രയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ലഘുലേഖകള്‍ വിതരണം ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു.
വാഹനത്തിലുള്ള എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, വാഹനങ്ങളില്‍ എസി പ്രവര്‍ത്തിപ്പിക്കരുത്, ജാലകങ്ങള്‍ തുറന്നിടണം, വാഹനത്തില്‍ ഡ്രൈവറും നിശ്ചിത എണ്ണം യാത്രികരും മാത്രമേ പാടുള്ളൂ, നാല് ചക്രവാഹനങ്ങളില്‍ രണ്ടുപേരും ഓട്ടോറിക്ഷയില്‍ ഒരാളും കുടുംബമാണെങ്കില്‍ മൂന്നു പേര്‍ വീതവും, ബസില്‍ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം പേരും മാത്രമായിരിക്കണമെന്നുമാണ് നിര്‍ദേശങ്ങള്‍. സാമൂഹിക അകലം പാലിക്കണം, യാത്രികര്‍ സാനിറ്റൈസെര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയ ശേഷമേ വാഹനത്തില്‍ കയറുകയും ഇറങ്ങുകയും ചെയ്യാവൂ. വാഹനത്തിന്‍റെ കമ്പികളിലും കൈപ്പിടികളിലും പരമാവധി സ്പര്‍ശിക്കാതിരിക്കണം, യാത്രാവസാനം ഒരു ശതമാനം വീര്യമുള്ള ബ്ലീച്ച് ലായനി ഉപയോഗിച്ച് വാഹനം കഴുകി വൃത്തിയാക്കണം എന്നിവയും നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു. യാത്രക്കിടെ വാഹനം നിര്‍ത്തുവാനോ പുറത്തിറങ്ങുവാനോ പാടില്ലെന്നും യാത്രക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ കൈമാറാനോ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.