കോട്ടയം: കോൺഗ്രസ് പാര്‍ട്ടിയില്‍ നടക്കുന്ന പുനഃസംഘടന നല്ലതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പാര്‍ട്ടിയ്ക്ക് ഉണര്‍വുണ്ടാകാന്‍ ഇതുകാരണമാകും. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയ്ക്ക് ഉണര്‍വേകാന്‍ ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പ് സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയു മടക്കമുള്ള നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. വേണ്ടത്ര കൂടിയാലോചിക്കാതെയാണ് പട്ടിക പുറത്തിറക്കിയതെന്ന് പരസ്യമായി നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍, കെ.പി.സി.സി പുനഃസംഘടനയില്‍ നേതാക്കളുടെ ഭാഗത്തുനിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നില്ല.
'പ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷം'
ഉമ്മന്‍ചാണ്ടിയ്ക്ക് ഇന്ന് 78ാം പിറന്നാളാണ്. പതിവുപോലെ ഇത്തവണയും ആഘോഷങ്ങളില്ലാതെയാണ് പിറന്നാള്‍ ദിനം. രാവിലെ പുതുപ്പള്ളി പള്ളിയിലെ പ്രാര്‍ഥനയ്ക്കുശേഷം കാരോട്ട് വള്ളക്കാലില്‍ വീട്ടില്‍ അദ്ദേഹം സന്ദര്‍ശകരെ കണ്ടു. കൊവിഡ് കാലമായതിനാല്‍ ഫോണില്‍ വിളിച്ചും വീഡിയോ കോളിലൂടെയും മറ്റുമാണ് തങ്ങളുടെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിന് പാര്‍ട്ടി പ്രവര്‍ത്തകരും സുഹൃത്തുക്കളും ഇത്തവണയും ആശംസകള്‍ നേർന്നത്.
അതേസമയം നാടിന്‍റെ ജനനായകയനോട് ഒപ്പം ജന്മദിനം ആഘോഷിക്കാൻ ഒരു കുഞ്ഞ് അതിഥികൂടി പുതുപ്പള്ളിയിലെ വീട്ടിലെത്തി. ചങ്ങനാശേരി സ്വദേശിയായ ജിസ്‌മി റോസ് ടിജോയാണ് ഉമ്മൻ ചാണ്ടിയ്ക്ക് ഒപ്പം കേക്ക് മുറിച്ച് ആഘോഷിക്കാന്‍ എത്തിയത്. നിയമസഭ സാമാജികത്വത്തിന്‍റെ 50ാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെയാണ് ഉമ്മന്‍ചാണ്ടിയുടെ ജന്മദിനം. പുതുപ്പള്ളി കാരോട്ട് വള്ളക്കാലില്‍ വീട്ടില്‍ കെ.ഒ ചാണ്ടിയുടെയും ബേബിയുടെയും മകനായി 1943 ഒക്ടോബര്‍ 31നാണ് ഉമ്മന്‍ ചാണ്ടിയുടെ ജനനം. ജന്മനാടായ പുതുപ്പള്ളിയിൽ അദ്ദേഹത്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളും മറ്റും സംഘടിപ്പിച്ചിട്ടുണ്ട്.
ALSO READ: ഒരു വര്‍ഷത്തിന് ശേഷം ബിനീഷ് വീട്ടിലെത്തി; ഹൃദ്യമായി സ്വീകരിച്ച് ബന്ധുക്കളും സുഹൃത്തുക്കളും