കോട്ടയം: പാലാ ടൗണ്‍ ബസ് സ്റ്റാന്‍റിലെ തകര്‍ന്നുവീണ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കെഎസ്ആര്‍ടിസി ബസിടിച്ച് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നതിന് ശേഷം കൃത്യം 2 വര്‍ഷം തികയുമ്പോഴാണ് പുനർനിര്‍മാണത്തിന് നടപടിയായത്.
ആയിരക്കണക്കിനാളുകള്‍ വന്നുപോകുന്ന സ്റ്റാന്‍ഡില്‍ ഒരു കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാന്‍ പോലും എത്ര കാലതാമസമെടുക്കും എന്നതിന് ഉദാഹരണം കൂടിയാണിത്. അന്തരിച്ച കെ.എം മാണി എംഎല്‍എയുടെ കാലത്ത് തന്നെ പുനര്‍ നിര്‍മാണത്തിന് തുക അനുവദിച്ചിരുന്നു. ഫയല്‍ നീക്കത്തിലെ കാലതാമസത്തിനൊപ്പം പിന്നീട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും പണികള്‍ വൈകാന്‍ കാരണമായി. പിഡിബ്ല്യുഡിക്കാണ് നിര്‍മാണച്ചുമതല. ഒരു മാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം.
2017 നവംബര്‍ അഞ്ചിനാണ് കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ കെട്ടിടം തകര്‍ന്നുവീണത്. കെ.എസ്.ആര്‍.ടി.സി ബസ് തട്ടി കാലപഴക്കമുള്ള കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ തുരുമ്പിച്ച കമ്പികള്‍ ഒടിഞ്ഞ് അല്‍പസമയത്തിനുള്ളില്‍ ഷെഡ് നിലംപൊത്തുകയായിരുന്നു. കനത്ത വെയിലിലും മഴയിലും ബസ് കാത്ത് നില്‍ക്കാന്‍ ഇടമില്ലാതെ രണ്ട് വര്‍ഷത്തോളമായി യാത്രക്കാര്‍ വലയുകയാണ്. എറണാകുളം, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, വൈക്കം, മുണ്ടക്കയം, രാമപുരം മേഖലകളിലേക്കുള്ള ബസുകള്‍ നിർത്തുന്നത് ഇവിടെയാണ്. മഴയിലും വെയിലിലും ഒരുമേല്‍ക്കൂര വേണമെന്ന കാലങ്ങളായുള്ള യാത്രക്കാരുടെ ആവശ്യത്തിനാണ് ഒടുവില്‍ പരിഹാരമാകുന്നത്.