കോട്ടയം: എൽഡിഎഫ് സർക്കാരിന്‍റെ ലൈഫ് മിഷന്‍ ഭവന പദ്ധതിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വസ്‌തുതകള്‍ ജനങ്ങളില്‍ നിന്ന് മറച്ച് വെച്ചുകൊണ്ടുള്ള വെറും രാഷ്‌ട്രീയ ഗിമ്മിക്കിന് വേണ്ടി, കണക്കുകള്‍ നിരത്തിയുള്ള പ്രസ്‌താവനകൾ മാത്രമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ലൈഫ് പദ്ധതിയിലൂടെ രണ്ട് ലക്ഷം വീടുകള്‍ നല്‍കിയെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. എന്നാല്‍ ഇതില്‍ 5,2000 വീടുകള്‍ മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് പണി തുടങ്ങി, ഏതാണ്ട് 90 ശതമാനം പൂര്‍ത്തിയായവയാണ്. 5,10000 പേർക്ക് വീടില്ലായെന്നാണ് സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ രണ്ട് ലക്ഷം പേർക്ക് വീട് നൽകിയെന്ന അവകാശ വാദം തെറ്റാണ്. ഈ വീടുകൾ പണിതുനൽകിയത് സർക്കാരാണോയെന്ന് പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പിണറായി സർക്കാർ പ്രഖ്യാപിച്ച ഹരിതം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസം, ലൈഫ് എന്നീ പദ്ധതികളിൽ ലൈഫ് പദ്ധതിയെപ്പറ്റി മാത്രമാണ് സർക്കാർ പറയുന്നത്. മറ്റ് മൂന്ന് പദ്ധതികളും പാതിവഴിയിൽ നിലച്ചു. ജനത്തിന്‍റെ കണ്ണിൽ പൊടിയിടാൻ വേണ്ടി ആരംഭിച്ചതാണ് ഈ പദ്ധതികളെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 6,521കോടി രൂപയാണ് ലൈഫ് പദ്ധതിക്ക് വേണ്ടി ചിലവാക്കിയതെന്ന് സര്‍ക്കാര്‍ പറയുന്നു. ഇതില്‍ ഇരുപത് ശതമാനം തദ്ദേശ സ്വയംഭരണ ഫണ്ട്, ഹഡ്‌കോ വായ്‌പ, കേന്ദ്ര ഫണ്ട്, സര്‍ക്കാര്‍ ബജറ്റ് വിഹിതം എല്ലാം ഉൾപ്പെടും. അപ്പോള്‍ ഇത് സര്‍ക്കാരിന്‍റെ മാത്രം പദ്ധതിയല്ലെന്നാണ് വ്യക്തമാക്കുന്നത്. ഭൂമിയില്ലാത്ത ഭവനരഹിതർ മൂന്ന് ലക്ഷത്തിലധികമുള്ളപ്പോൾ 164 പേർക്ക് മാത്രമാണ് ഭൂമി കണ്ടെത്തി സർക്കാർ വീട് നിര്‍മിച്ച് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.