കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മിഷന്‍. സെപ്റ്റംബർ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ വീണ്ടുമൊരു തെരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങിയത്.
പത്രികാസമർപ്പണം ഈ മാസം 17 വരെയാണ്. 18ന് സൂക്ഷ്‌മ പരിശോധന നടക്കും. വോട്ടെണ്ണൽ സെപ്‌റ്റംബർ എട്ടിനാണ്. മാതൃകാപെരുമാറ്റചട്ടം നിലവിൽ വന്നു. തെരഞ്ഞെടുപ്പിന് ഇനി 28 ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ജാര്‍ഖണ്ഡിലെ ധുമ്രി, ത്രിപൂരയിലെ ബോക്‌സാനഗര്‍, ധന്‍പൂര്‍, ബംഗാളിലെ ധുപ്‌ഗുരി, ഉത്തര്‍പ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ എന്നിവിടങ്ങളിലും പുതുപ്പള്ളിക്കൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കും.
കേരളത്തിന്‍റെ കണ്ണും കാതും ഇനി പുതുപ്പളളിയില്‍: ഉപതെരഞ്ഞെടുപ്പ് തിയതി വന്നതോടെ രാഷ്ട്രീയ കേരളം ഇനി പുതുപ്പളളിയിലേക്ക് ചുരുങ്ങും. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതീക്ഷിച്ചതിലും വളരെ നേരത്തെയാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കാര്യമായ തര്‍ക്കങ്ങള്‍ ഇരുമുന്നണിയിലും ഇല്ലാത്ത സാഹചര്യത്തില്‍ വേഗത്തില്‍ തന്നെ ഇക്കാര്യങ്ങളില്‍ തീരുമാനമുണ്ടാകും. യുഡിഎഫ് സ്ഥാനര്‍ഥിയായി ചാണ്ടി ഉമ്മന്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പാണ്. ഇക്കാര്യങ്ങളില്‍ നേരത്തെ തന്നെ യുഡിഎഫില്‍ ധാരണയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന സാഹചര്യത്തില്‍ ഇന്നോ നാളെയോ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
ജെയിക്കിനെ സമ്മര്‍ദം ചെലുത്തി മത്സരിപ്പിക്കാന്‍ സിപിഎം: കഴിഞ്ഞ രണ്ട് തവണയും മത്സരിച്ച ജെയ്‌ക്ക് സി തോമസിന്‍റെ പേരിനാണ് എല്‍ഡിഎഫില്‍ മുന്‍തൂക്കം. എന്നാല്‍, ജെയ്ക്ക് മത്സരിക്കുന്നതില്‍ വിമുഖത കാണിച്ചിട്ടുണ്ട്. ഇക്കാരണം കൊണ്ട് പുതിയൊരു പേരിലേക്ക് സിപിഎം എത്തിയേക്കാം. എന്നാല്‍, സിപിഎം സംസ്ഥാന നേതൃത്വത്തിന് ജെയ്‌ക്ക് മത്സരിക്കുന്നതിനോടാണ് താത്‌പര്യം. ഇക്കാരണംകൊണ്ട് തന്നെ സമ്മര്‍ദം ചെലുത്തി ജെയ്‌ക്കിനെ മത്സരിപ്പിച്ചേക്കുമെന്നും വിവരമുണ്ട്.
സിപിഎമ്മിന്‍റെ നേതൃയോഗങ്ങള്‍ ഉടന്‍ ചേരും. ഇതിന് ശേഷമാകും സ്ഥാനാര്‍ഥി പ്രഖ്യാപനം. ഇരുമുന്നണികളും നേരത്തെ തന്നെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കമുള്ള നേതാക്കളെത്തി നേതൃയോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുള്ള സഹതാപസാഹചര്യവും സംസ്‌കാര ചടങ്ങിലേക്കും വിലപയാത്രയിലേക്കും എത്തിയ ജനാവലിയും യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
പഞ്ചായത്തുകളുടെ ചുമതല സംസ്ഥാന നേതാക്കള്‍ക്ക്: രാഷ്ട്രീയമായുള്ള മേല്‍ക്കൈയിലാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. പഞ്ചായത്തുകളുടെ ചുമതല സംസ്ഥാന നേതാക്കള്‍ക്ക് നല്‍കും. പുതുപ്പള്ളിയില്‍ ചിട്ടയായ പ്രവര്‍ത്തനത്തിനൊരുങ്ങിയിട്ടുണ്ട് സിപിഎം. മണ്ഡലത്തിലെ പഞ്ചായത്തുകളുടെ ചുമതല സംസ്ഥാന നേതാക്കള്‍ക്ക് നല്‍കി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സിപിഎം നേരത്തേ ആരംഭിച്ചിട്ടുണ്ട്.
അരനൂറ്റാണ്ടിലേറെയായി ഉമ്മന്‍ ചാണ്ടിയെ നിയമസഭയില്‍ എത്തിച്ച മണ്ഡലമാണെങ്കിലും രാഷ്ട്രീയമായ നേട്ടം സിപിഎം പ്രതീക്ഷിക്കുന്നുണ്ട്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ ആറും ഭരിക്കുന്നത് ഇടതുമുന്നണിയാണ് എന്നതാണ് സിപിഎമ്മിന് വലിയ ആത്മവിശ്വാസം നല്‍കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പികെ ബിജുവിന് വാകത്താനം പഞ്ചായത്തിന്‍റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. മറ്റൊരു സെക്രട്ടേറിയറ്റ് അംഗം കെകെ ജയചന്ദ്രന് പാമ്പാടി, മീനടം പഞ്ചായത്തുകളുടെ ചുമതലയും നല്‍കി.
സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവ് കെജെ തോമസിന് അകലക്കുന്നം, അയര്‍ക്കുന്നം പഞ്ചായത്തുകളുടെ ചമതലയാണുള്ളത്. പുതുപ്പള്ളി, മണര്‍ക്കാട് പഞ്ചായത്തുകളുടെ ചുമതല സംസ്ഥാന സമിതിയംഗം കെ അനില്‍കുമാറിനും, സിപിഎം കോട്ടയം ജില്ല സെക്രട്ടറി എവി റസലിന് കുരോപ്പട പഞ്ചായത്തിന്‍റേയും ചുമതല നല്‍കി. സംസ്ഥാന നേതാക്കള്‍ക്കൊപ്പം ജില്ല കമ്മറ്റിയംഗങ്ങള്‍ക്കും വിവിധ പഞ്ചായത്തുകളുടെ ചുമതല നല്‍കിയിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9,000 ആയി കുറച്ചത് ജെയ്‌ക്ക്: കഴിഞ്ഞ രണ്ട് തവണ സിപിഎമ്മിനായി മത്സരിക്കുകയും ഇത്തവണയും സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുന്നവരില്‍ ആദ്യ സ്ഥാനത്തുമുള്ള ജെയ്‌ക്ക് സി തോമസിനോട് മണര്‍ക്കാട് കേന്ദ്രീകരിക്കാനാണ് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശം. കഴിഞ്ഞ രണ്ട് തവണയായി ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിഞ്ഞു എന്നാതാണ് സിപിഎമ്മിന് പ്രതീക്ഷ നല്‍കുന്നത്. 2011ല്‍ സുജ സൂസന്‍ ജോര്‍ജ് മത്സരിച്ചപ്പോള്‍ 33,255 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിജയം.
എന്നാല്‍, 2016ല്‍ 27092 ആയും 2021ല്‍ 9044 ആയും ഭൂരിപക്ഷം കുറയ്ക്കാന്‍ ജെയ്ക്ക് സി തോമസിനായി. 1987ല്‍ വിഎന്‍ വാസവന്‍ എതിരെ മത്സരിച്ചപ്പോഴാണ് ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെയെത്തിയത്. ഇതാണ് ജെയ്ക്കിന് സ്ഥാനാര്‍ഥി നിര്‍ണയത്തിലും മുന്‍തൂക്കം നല്‍കുന്നത്. സര്‍ക്കാരിന്‍റെ പ്രവര്‍ത്തന നേട്ടങ്ങളാകും ഇടതുമുന്നണിയുടെ പ്രചാരണ ആയുധം.
ഒപ്പം ഏകസിവില്‍ കോഡും, മണിപ്പൂര്‍ വിഷയവുമെല്ലാം ഇടതുമുന്നണി ഉയര്‍ത്തും. സര്‍ക്കാറിന്‍റെ ജനവിരുദ്ധ നയങ്ങളും വിലക്കയറ്റവും അടക്കമുള്ള വിഷയങ്ങള്‍ യുഡിഎഫും പ്രചാരണ ആയുധമാക്കും. ഇനിയുള്ള 28 ദിവസം രാഷ്ട്രീയ പ്രത്യാരോപണങ്ങളുമായി കളം നിറഞ്ഞുള്ള പ്രചാരണത്തിനാകും ഇരുമുന്നണികളും തയ്യാറെടുക്കുക.