കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി ഡിവൈഎഫ്‌ഐ നേതാവ് ജെയ്‌ക് സി തോമസിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയത്. കോട്ടയത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളത്തിലായിരുന്നു എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനം.
അടുത്തമാസം (സെപ്‌റ്റംബര്‍) അഞ്ചിനാണ് പുതുപ്പള്ളി പോളിങ് ബൂത്തിലേക്ക് എത്തുന്നത്. എട്ടാം തീയതിയില്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരും. മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎല്‍എയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി. അതേസമയം, എന്‍ഡിഎ സ്ഥാനാര്‍ഥിയെ ഇന്ന് വൈകുന്നേരത്തോടെ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചയ്‌ക്ക് ചേരുന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിന് ശേഷം വൈകുന്നേരത്തോടെ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകും.
ഇടതുമുന്നണി ജെയ്‌ക്കിലേക്ക്: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സര രംഗത്തുണ്ടായിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ജെയ്‌ക് സി തോമസ്. അര നൂറ്റാണ്ടോളം കാലം എംഎല്‍എയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ ആ തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം കാഴ്‌ചവയ്‌ക്കാന്‍ ഡിവൈഎഫ്‌ഐയുടെ യുവ നേതാവിനായിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ ലീഡ് കുറയ്‌ക്കാനും ജെയ്‌ക്കിന് സാധിച്ചു.
മുന്‍ മുഖ്യമന്ത്രിയുടെ നിര്യാണത്തിന് പിന്നാലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മൂന്ന് പേരുടെ പേരുകളായിരുന്നു ആദ്യം ഉയര്‍ന്നുവന്നത്. ജെയ്‌ക്കിന് പുറമെ ജില്ല നേതാവ് റെജി സക്കറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വര്‍ഗീസ് എന്നിവരുടെ പേരുകളായിരുന്നു പാര്‍ട്ടി ജില്ല നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നല്‍കിയത്. ഇവ പരിഗണിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് തെരഞ്ഞെടുപ്പില്‍ പുതുമുഖം മത്സരരംഗത്തേക്ക് എത്തുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലേക്ക് എത്തി.
കൂടാതെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രകടനങ്ങളും സ്ഥാനാര്‍ഥിയ്‌ക്ക് മണ്ഡലത്തിലുള്ള സ്വാധീനവും പാര്‍ട്ടി തീരുമാനത്തിലേക്കെത്തുന്നതില്‍ നിര്‍ണായകമായി. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് കൊണ്ടാണ് കനത്ത രാഷ്‌ട്രീയ പോരാട്ടം നടക്കുന്ന പുതുപ്പള്ളിയില്‍ ജെയ്‌ക് സി തോമസ് തന്നെ സ്ഥാനാര്‍ഥി ആയാല്‍ മതിയെന്ന നിലപാടിലേക്ക് പാര്‍ട്ടിയെത്തിയത്.
പ്രചാരണത്തിന് മുഖ്യമന്ത്രിയും: ഈ വരുന്ന 16നാണ് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. സിപിഎം സംസ്ഥാന സെക്രട്ടറിയാണ് കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുന്നത്. കണ്‍വെന്‍ഷന്‍റെ അടുത്ത ദിവസം ജെയ്‌ക് സി തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
മന്ത്രിമാരെ ഉള്‍പ്പടെ പ്രചാരണ രംഗത്തിറക്കാനാണ് എല്‍ഡിഎഫ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ട് ഘട്ടങ്ങളിലായി പുതുപ്പള്ളി മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും. മണ്ഡലത്തിലെ 8 പഞ്ചായത്തുകളില്‍ ആറിലും ഭരണം എല്‍ഡിഎഫിനാണെന്നതും അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്.