കോട്ടയം: കോണ്‍ഗ്രസിനെയും പി.ജെ. ജോസഫിനെയും വിമർശിച്ച് കേരള കോണ്‍ഗ്രസ് (എം) മുഖപത്രം പ്രതിച്ഛായ. മുറിവുണങ്ങാത്ത മനസുമായാണ് കെ.എം. മാണി മടങ്ങിയതെന്നാണ് ലേഖനം പറയുന്നത്. തരം കിട്ടിയാല്‍ മാണിയെ തകര്‍ക്കണമെന്ന് ചിന്തിച്ചിരുന്നവരാണ് ചുറ്റും ഉണ്ടായിരുന്നത്. ‘കെട്ടിപ്പിടിക്കുമ്പോള്‍ കുതികാലില്‍ ചവിട്ടുന്നവര്‍’ എന്നാണ് ഇത്തരക്കാരെ കെ.എം. മാണി വിശേഷിപ്പിച്ചിരുന്നതെന്നും പ്രതിച്ഛായയിലെ ലേഖനത്തില്‍ പത്രാധിപര്‍ കുര്യാസ് കുമ്പളക്കുഴി ചൂണ്ടിക്കാട്ടുന്നു. ബാര്‍ കോഴ വിവാദത്തില്‍ അന്വേഷണം നീട്ടി കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെന്ന് ലേഖനം വിശദീകരിക്കുന്നു. കോഴ ആരോപണം വന്നതോടെ മന്ത്രിസഭയില്‍ നിന്ന് ഒരുമിച്ച് രാജി വെയ്ക്കാമെന്ന നിര്‍ദ്ദേശം മാണി മുന്നോട്ട് വച്ചെങ്കിലും പി.ജെ. ജോസഫ് തയ്യാറായില്ല. മന്ത്രിസഭയെ പുറത്തു നിന്ന് പിന്തുണക്കാമെന്നു നിര്‍ദ്ദേശം വച്ചതിനെ ജോസഫ് എന്തുകൊണ്ട് എതിര്‍ത്തുവെന്നത് ദുരൂഹമാണെന്നും ലേഖനം പറയുന്നു. ബാര്‍ കോഴക്കേസിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെയും ലേഖനത്തില്‍ പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
നാല്‍പത്തഞ്ച് ദിവസത്തിനകം ത്വരിതാന്വേഷണം നടത്തി കേസ് അവസാനിപ്പിക്കാമെന്ന ഉറപ്പില്‍ തുടങ്ങിയ ബാര്‍കോഴ വിജലന്‍സ് അന്വേഷണം നീണ്ടു പോയതില്‍ ചതിയുണ്ടായിരുന്നോ എന്ന് അറിയില്ല. പക്ഷെ എന്നെ ജയിലിലടക്കാനാണോ നീക്കമെന്ന് ഒരിക്കല്‍ കെ.എം. മാണി പൊട്ടിത്തെറിച്ചതായും ലേഖനത്തില്‍ പറയുന്നു.
പി.ജെ ജോസഫിനെതിരെയും കോൺഗ്രസ് നേതൃത്വത്തിനെതിരെയും രൂക്ഷ വിമർശനവുമായി കേരളാ കോൺഗ്രസ് മുഖപത്രം തന്നെ രംഗത്ത് എത്തിയതോടെ കേരളാ കോൺഗ്രസ് കോൺഗ്രസ് ബന്ധത്തിലെ അസ്വാരസ്യങ്ങൾ മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്. ലേഖനത്തിലൂടെ പി.ജെ. ജോസഫുമായുള്ള മാണി വിഭാഗത്തിന്റെ തുറന്ന യുദ്ധപ്രഖ്യപനം കൂടിയാണ് പ്രതിഛായ ലേഖനം നടത്തിയിരിക്കുന്നത്. മാണിയുടെ മരണശേഷം കേരള കോൺഗ്രസിലെ അധികാര സ്ഥാനങ്ങളിലേക്ക് കണ്ണുനട്ടിരിക്കുന്ന ജോസഫ് വിഭാഗത്തിന് എതിരായ നീക്കമെന്നാണ് പ്രതിച്ഛായയിലെ ലേഖനത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.