കോട്ടയം: ഈരാറ്റുപേട്ട തേവരുപാറ മാലിന്യനിക്ഷേപ കേന്ദ്രത്തിലേയ്ക്ക് മാലിന്യവുമായെത്തിയ വാഹനം എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടഞ്ഞു. മാലിന്യസംസ്കരണ കേന്ദ്രത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയായെങ്കിലും തുറന്നു പ്രവര്‍ത്തിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. പ്രതിഷേധത്തെ തുടര്‍ന്ന് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ ബല്‍ക്കീസ്, ആരോഗ്യവിഭാഗം അധികൃതര്‍, നഗരസഭാ സെക്രട്ടറി, ഈരാറ്റുപേട്ട പൊലീസ് തുടങ്ങിയവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി.പത്ത് ദിവസത്തിനകം പ്ലാന്‍റ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന ഉറപ്പിലാണ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചത്.അതുവരെ മാലിന്യം പുഴയിലേക്ക് ഒഴുകാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
99 ശതമാനം പണികളും പൂര്‍ത്തിയായ മാലിന്യ സംസ്കരണപ്ലാന്‍റ് ട്രയല്‍ റണ്‍ നടത്തി പ്രവര്‍ത്തനം തുടങ്ങേണ്ട താമസം മാത്രമാണുള്ളത്. നഗരസഭയിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നീണ്ടതോടെ ഇത് വൈകുകയായിരുന്നു.മാത്രമല്ല മഴ പെയ്തതോടെ ഇവിടെ നിന്നും മാലിന്യങ്ങള്‍ മീനച്ചിലാറ്റിലേയ്ക്ക് ഒഴുകുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് എസ്‌ഡിപിഐ പ്രതിഷേധിച്ചത്.
ഒന്നരമാസം മുന്‍പ് നഗരസഭയ്ക്ക് മുന്നില്‍ എസ്ഡിപിഐ രണ്ട് തവണ സമരം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. രാവിലെ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ ബല്‍ക്കീസ്, ആരോഗ്യവിഭാഗം അധികൃതര്‍, നഗരസഭാ സെക്രട്ടറി, ഈരാറ്റുപേട്ട പൊലീസ് തുടങ്ങിയവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി.