കോട്ടയം: രാവിലെ ഓഫീസ് തുറക്കാനെത്തിയ മുത്തൂറ്റ് ജീവനക്കാരായ വനിതകൾക്ക് നേരെ അക്രമം. കോട്ടയം ബേക്കര്‍ ജങ്ഷനിലുള്ള മുത്തൂറ്റ് ശാഖയിലും ക്രൗണ്‍ പ്ലാസ, ഇല്ലിക്കല്‍ ബ്രാഞ്ചുകളിലും ഓഫീസ് തുറക്കുന്നതിനിടെ ജീവനക്കാർക്ക് നേരെ മുട്ടയെറിയുകയായിരുന്നു. മാസങ്ങളോളം നീണ്ട സമരങ്ങൾക്കൊടുവിൽ ഏതാനം ആഴ്ചകൾക്ക് മുമ്പാണ് കോടതി വിധിയെ തുടർന്ന് സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചത്. പക്ഷേ ഇതിനെതിരെ സിഐടിയു സമരവുമായി രംഗത്ത് വന്നിരുന്നു.
ഓഫീസ് തുറക്കാൻ തുടങ്ങിയത് മുതൽ ഭീഷണി ഉണ്ടായിരുന്നന്നും അക്രമത്തിന് പിന്നിൽ യൂണിയൻ പ്രവർത്തകർ തന്നെയാണെന്നും ജീവനക്കാർ ആരോപിച്ചു. എല്ലാ ദിവസവും പൂട്ട് പൊളിച്ചാണ് ജീവനക്കാർ ഓഫീസിൽ കയറുന്നത്. സമരാനുകൂലികൾ ഓഫീസിന്റെ താഴിൽ പശ ഒഴിക്കുന്നതായും ഷട്ടറുകൾക്കിടയിൽ കല്ല്, ബിയർ കുപ്പികൾ തുടങ്ങിയവ വച്ച് അപായപ്പെടുത്താൻ ശ്രമിക്കുന്നതായും ഇവർ ആരോപിച്ചു. എന്നാൽ സംഭവത്തിൽ സിഐടിയു പ്രവർത്തകർക്ക് പങ്കില്ലെന്നും വിശദായ അന്വേഷണത്തിന് ശേഷം കാര്യങ്ങൾ വിശദമാക്കാമെന്നും സിഐടിയു ജില്ലാ സെക്രട്ടറി ടി.ആർ രഘുനാഥ് വ്യക്തമാക്കി.