കോട്ടയം : നട്ടാശേരി കുഴിയാലി പടിയിൽ കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സര്‍വേയുടെ ഭാഗമായി കല്ലിടല്‍ നടത്തുന്നതിന് ഉദ്യോഗസ്ഥര്‍ നടത്തിയത് നാടകീയ നീക്കങ്ങള്‍. അതിരാവിലെ പ്രദേശത്ത് എത്തിയ ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ ഉണരും മുമ്പ് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി. നാട്ടുകാര്‍ സംഘടിക്കുന്നതിന് മുന്‍പ് നടപടി പൂര്‍ത്തിയാക്കുകയായിരുന്നു.
ഇതിനുശേഷം ഉദ്യോഗസ്ഥര്‍ അടുത്ത പ്രദേശത്തേക്ക് നീങ്ങി. ഇവര്‍ക്ക് സുരക്ഷ ഒരുക്കാനായി പൊലീസ് സര്‍വേ നടക്കുന്ന പ്രദേശത്തെ വഴികളെല്ലാം അടച്ചു. പ്രായമായ സ്ത്രീകളടക്കമുള്ളവരെ പൊലീസ് വഴിയിൽ തടഞ്ഞു. ഇതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
Also Read: നട്ടാശേരിയില്‍ പൊലീസും നാട്ടുകാരും നേര്‍ക്കുനേര്‍; സര്‍വേ കല്ലുകള്‍ പിഴുത് കോണ്‍ഗ്രസ്
കോൺഗ്രസ് നേതാക്കളെത്തിയാണ് ഇവരെ സമര സ്ഥലത്തേക്ക് എത്തിച്ചത്. കല്ലിടലിൽ വൻ പ്രതിഷേധമാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. നാട്ടുകാർ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. ഒരു കല്ല് ഇവിടെ സ്ഥാപിച്ചെങ്കിലും ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ പിഴുതു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും സമര രംഗത്തുണ്ട്. ഒരു കാരണവശാലും കല്ലിടാൻ അനുവദിക്കില്ല എന്ന നിലപാടിൽ സ്ഥലത്ത് തടിച്ചുകൂടിയിരിക്കുകയാണ് സ്ത്രീകൾ അടക്കമുള്ള നാട്ടുകാര്‍. തിങ്കളാഴ്ച പ്രദേശത്ത് കല്ലിടാന്‍ ശ്രമിച്ചെങ്കിലും നീക്കം നാട്ടുകാര്‍ തടഞ്ഞിരുന്നു.