കോട്ടയം: പ്രവാചക നിന്ദയ്‌ക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്നത് ഇന്ത്യയെ അന്താരാഷ്‌ട്ര സമൂഹത്തിന് മുന്നിൽ നാണം കെടുത്തുന്നതിന് കാരണമാവുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്‌ദുൽ അസീസ്. നബി നിന്ദ നടത്തിയവരെ അറസ്റ്റ് ചെയ്യാതെ കേന്ദ്ര സർക്കാർ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ കാപട്യം കളിക്കുകയാണ്. ഉത്തർപ്രദേശ് സർക്കാറിന്റെ നടപടി അങ്ങേയറ്റം മനുഷ്യവിരുദ്ധവും പ്രതിഷേധാർഹവുമാണ്.
പ്രക്ഷോഭം നടത്തിയ 100 കണക്കിന് ആളുകളെ അറസ്റ്റ് ചെയ്യുകയും വീടുകൾ തകർക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. അതിലൂടെ പ്രവാചക നിന്ദ സർക്കാർ നിലപാടാണ് എന്നാണ് വ്യക്തമാക്കുന്നതെന്ന് അബ്‌ദുൽ അസീസ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിലപാടുകളോട് വിയോജിക്കുന്നവരെ വേട്ടയാടുകയാണ് സർക്കാർ. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അലഹബാദിൽ ജാവേദ് മുഹമ്മദിന്‍റെയും അഫ്രീൻ ഫാത്തിമയുടെയും വീടുകൾ തകർത്തത്. സംഘപരിവാർ ഭരണകൂടം വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. വീടുകൾ തകർത്തുകൊണ്ട് പ്രതിഷേധം അടിച്ചമർത്താമെന്ന് കരുതുന്നുണ്ടെങ്കിൽ അതു നടക്കില്ലയെന്നും അദ്ദേഹം പറഞ്ഞു.
പ്രവാചക നിന്ദയ്‌ക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും സ്വതന്ത്ര്യമുണ്ട്. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളും ഇതിനെതിരെ രംഗത്ത് വരണമെന്നും ജമാഅത്തെ സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.