കോട്ടയം : സഭാതർക്കത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടുകളെ രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. സഭയുടെ പൈതൃക സംരക്ഷണം ഉറപ്പാക്കുന്നതിന് പരമോന്നത നീതിപീഠം അനുവദിച്ചുനൽകിയിട്ടുള്ള വിധി പ്രസ്‌താവങ്ങള്‍ തകിടം മറിക്കുന്ന സമീപനമാണ് സർക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. കേരള സർക്കാരിന്‍റെ ഇത്തരം നടപടികൾ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനാഭിപ്രായം തേടി കോടതി വിധി നടപ്പാക്കണമെന്ന ആശയം നിരുത്തരവാദപരമാണ്. നിയമവാഴ്‌ച ഉറപ്പാക്കേണ്ട സർക്കാരിന്‍റെ ഇത്തരം നടപടികൾ ആപത്ക്കരമാണ്. സഭ എല്ലാക്കാലവും ഇത്തരം വെല്ലുവിളികളെ അഭിമുഖീകരിച്ചാണ് മുന്നേറിയിട്ടുള്ളതെന്നും ഈ വെല്ലുവിളികളേയും പ്രാർത്ഥനാപൂർവം അതിജീവിക്കുമെന്നും സഭാധ്യക്ഷൻ പറഞ്ഞു.
ALSO READ: സര്‍ക്കാരിന് ആശ്വാസവും വിമര്‍ശനവും ; സിൽവർ ലൈൻ സർവേക്കെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി
മനേജിങ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തവേയായിരുന്നു പരാമർശം. അതേസമയം കെ-റെയിൽ പദ്ധതിക്ക് സഭ എതിരല്ലെന്നും കാതോലിക്ക ബാവ കൂട്ടിച്ചേർത്തു. രാജ്യത്തിന്‍റെ വികസനത്തിന് കെ-റെയിൽ ആവശ്യമെങ്കിൽ അത് നടപ്പാക്കാം, പദ്ധതിയ്ക്ക് എതിരല്ല. എന്നാൽ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാതെയുള്ള വികസനം ജനാധിപത്യ വിരുദ്ധമാണെന്നും ബിഷപ്പ് ഓർമിപ്പിച്ചു.