കോട്ടയം: പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡിലെ പോരാട്ടം ശ്രദ്ധ നേടുന്നത് ഒരേ നാമധാരികളായ മൂന്ന് മുന്നണി സ്ഥാനാര്‍ഥികളുടെയും പോരാട്ടം കൊണ്ട് കൂടിയാണ്. എല്‍ഡിഎഫിലെ നിഷാ സാനുവും എന്‍ഡിഎയിലെ നിഷാ വിജിമോനും യുഡിഎഫ് സ്ഥാനാര്‍ഥി നിഷ ഷാജിയുമാണ് വാർഡിൽ നിന്ന് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റ് കൂടിയായ ടി.എസ് സ്‌നേഹാധനന്‍ വിജയിച്ച വാര്‍ഡാണിത്. എല്‍ഡിഫ് തേരോട്ടം തുടരാമെന്നുള്ള പ്രതീക്ഷയോടെയാണ് നിഷ സാനു വോട്ടഭ്യര്‍ഥിക്കുന്നത്. സ്‌നേഹാധനന്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും വോട്ടായി മാറുമെന്നാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.
മുന്‍ അധ്യാപിക കൂടിയായ നിഷ ഷാജി പ്രദേശവാസിയാണ്. വ്യക്തിബന്ധങ്ങള്‍ തനിക്ക് വോട്ടായി മാറുമെന്ന പ്രതീക്ഷയാണ് യുഡിഎഫ് സ്ഥാനാർഥി നിഷയ്ക്കുള്ളത്. വീടുകള്‍ കയറിയുള്ള പ്രചാരണത്തിരക്കിലാണ് നിഷയും യുഡിഎഫ് പ്രവര്‍ത്തകരും. അഞ്ച് വര്‍ഷത്തിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇത്തവണ നേട്ടമുണ്ടാക്കാനുള്ള പരിശ്രമത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ നിഷ വിജിമോന്‍. ഗ്രാഫിക് ഡിസൈനര്‍ കൂടിയാണ് നിഷ. കേന്ദ്രം നടപ്പാക്കിയ വികസനം തനിക്ക് വോട്ടാകുമെന്ന് നിഷ വിശ്വസിക്കുന്നു. എത് നിഷയായാലും വോട്ട് തെറ്റില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചിഹ്നം നോക്കുമ്പോള്‍ പേര് പ്രശ്‌നമല്ലെന്നാണ് ഇവരുടെ വാദം.