കോട്ടയം : പാമ്പാടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് നേരെ പ്രതിയുടെ ആക്രമണം. സംഭവത്തിൽ പൊലീസുകാരന്‍റെ മൂക്ക് തകർന്നു. കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷനിലെ ജിബിൻ ലോബോയ്‌ക്കാണ് പരിക്കേറ്റത്.
പാമ്പാടി നെടുങ്കുഴി സ്വദേശി സാമാണ് പൊലീസ് സംഘത്തെ ആക്രമിച്ചത്. പാമ്പാടി എട്ടാം മൈലിൽ ഇന്നലെ രാത്രി 10.20നാണ് സംഭവം. വീട്ടുവഴക്കിനെ തുടർന്ന് സഹായം തേടി വിളിച്ച യുവതിയെ രക്ഷിക്കാനായി എത്തിയപ്പോഴായിരുന്നു ആക്രമണം.
ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. വീട്ടുവഴക്കിനെ തുടർന്ന് സാമിന്‍റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥര്‍ എത്തുമ്പോൾ സാം ഭാര്യയെ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. പൊലീസ് മുറി തുറക്കാൻ ശ്രമിക്കുന്നതിനിടയാണ് സാമിന്‍റെ ആക്രമണമുണ്ടായത്.
Also read : പൂന്തുറ ഗ്രേഡ് എസ്ഐക്ക് നേരെ ആക്രമണം; പ്രതികൾ ഒളിവിൽ
പരിക്കേറ്റ ജിബിനെ ഉടൻ തന്നെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്‍റെ മൂക്കിന് പൊട്ടലുണ്ട്. കണ്ണിന് മുകളിലായി നാല് തുന്നിക്കെട്ടൽ ഉള്ളതായും പൊലീസ് അറിയിച്ചു.
സമാന സംഭവം തിരുവനന്തപുരത്തിലെ പൂന്തുറയിലും : പൂന്തുറ ഗ്രേഡ് എസ്ഐയെ അഞ്ചംഗ സംഘം കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. പൂന്തുറ പൊലീസ് ഗ്രേഡ് എസ്ഐ ജയപ്രകാശിനാണ് മർദനമേറ്റത്. ഞായറാഴ്‌ച (14.05.2023) രാത്രി 10:30ഓടെ നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെയായിരുന്നു ഗ്രേഡ് എസ്ഐക്ക് നേരെ ആക്രമണം ഉണ്ടായത്.
നാല് പേർ അടങ്ങുന്ന പൊലീസ് സംഘത്തിന് നേരെയായിരുന്നു ആക്രമണം. സ്ഥിരം കുറ്റവാളിയായ ഹുസൈൻ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത് എന്ന് പൊലീസ് വ്യക്തമാക്കി. അക്രമി സംഘം ഗ്രേഡ് എസ്ഐയെ പിടിച്ച് തള്ളുകയും മർദിക്കുകയും ചെയ്‌തു. പട്രോളിങ് നടത്തുന്നതിനിടെ രാത്രി ഹുസൈനും സംഘവും കൂട്ടം കൂടി നിന്നിടത്ത് പൊലീസ് എത്തിയതോടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ കൃത്യവിലോപത്തിന് തടസ്സം സൃഷ്‌ടിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സംഭവത്തെ തുടർന്ന് പൂന്തുറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾ അഞ്ച് പേരും ഒളിവിലാണ്.
പൊലീസുകാരുടെ റൈഫിളുകളും ബുള്ളറ്റുകളും കവർന്നു : ബിഹാറിലെ അലൗലി പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ റൈഫിളുകളും വെടിയുണ്ടകളും മോഷണം പോയിരുന്നു. മൂന്ന് റൈഫിളുകളും വെടിയുണ്ടകളുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. നരേന്ദ്രകുമാർ, ജോഗി സിങ്, അഖിൽ സിങ്, ശശി എന്നീ ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്‌ച രാത്രി പൊലീസ് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. അതില്‍ നരേന്ദ്രൻ, ജോഗി, അഖിൽ എന്നീ മൂന്ന് ഉദ്യോഗസ്ഥരുടെ റൈഫിളുകളും 90 വെടിയുണ്ടകളുമാണ് നഷ്‌ടപ്പെട്ടത്. ഉദ്യോഗസ്ഥര്‍ ഉറങ്ങുന്നതിനിടെയാണ് മോഷണം. രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് റൈഫിളുകള്‍ മോഷണം പോയെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസിലായത്. സംഭവത്തെ തുടർന്ന് അന്വേഷണത്തിന്‍റെ ഭാഗമായി മൂന്ന് ഉദ്യോഗസ്ഥരെയും മേലധികാരികള്‍ ചോദ്യം ചെയ്‌തു.