കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. പത്തനംതിട്ട ആറന്മുള സ്വദേശി പ്രവീണ്‍(24) ആണ് പിടിയിലായത്. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്‌ടർ കെ ഷിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്‌തത്.
ഒരു മാസം മുൻപായിരുന്നു കേസിനാസ്‌പദമായ സംഭവം. രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കുന്നതിനായാണ് പതിനേഴുകാരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. ഇവിടെ വച്ച് പെൺകുട്ടിയെ പരിചയപ്പെട്ട പ്രതി, കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രവീണിന്‍റെ അമ്മയെയും ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നു.
ഈ സമയത്താണ് പ്രവീൺ പെൺകുട്ടിയുമായി പരിചയത്തിലായത്. പെൺകുട്ടി പീഡന വിവരം ബന്ധുക്കളോട് പറയുകയും ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെടുകയും ചെയ്‌തു. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തതോടെ നാടുവിട്ട പ്രതി ആന്ധ്രയിലും തമിഴ്‌നാട്ടിലുമായി ഒളിവിൽ കഴിയുകയായിരുന്നു.
പ്രതി ആന്ധ്രയിലുണ്ടെന്ന് ജില്ല പൊലീസ് മേധാവി ഡി. ശില്‍പക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.