കോട്ടയം: മേലുകാവിൽ കുട്ടികള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് അയല്‍വാസികൾ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മര്‍ദിച്ചെന്ന് പരാതി. ഫെബ്രുവരി ഒമ്പതിന് വീട്ടുമുറ്റത്ത് അനുജനെ കളിപ്പിക്കുന്നതിനിടെ പെണ്‍കുട്ടിയും അയല്‍വാസിയായ പെണ്‍കുട്ടിയും തമ്മിലുണ്ടായ വഴക്കാണ് പ്രശ്‌നങ്ങൾക്ക് തുടക്കം.തുടര്‍ന്ന് ഇരുവരുടെയും മാതാപിതാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നീട് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും തിരികെ വരുന്നതിനിടെ അയല്‍വാസികളായ രണ്ട് സ്ത്രീകള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് ആരോപണം. ചൈല്‍ഡ് ലൈനിലും പൊലീസിലും പെണ്‍കുട്ടിയും കുടുംബവും പരാതി നല്‍കിയിട്ടുണ്ട്.
പത്ത് ദിവസത്തിനകം സ്ഥലം മാറിപോകണമെന്ന് ആക്രമിച്ചവര്‍ ഭീഷണി മുഴക്കിയെന്നും ഇവര്‍ ആരോപിച്ചു. എന്നാല്‍ കേസ് ഒത്തുതീര്‍പ്പാക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും വഴങ്ങാതെ വന്നപ്പോള്‍ തിരിച്ച് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാര്‍ പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് മേലുകാവ് പൊലീസ് നല്‍കിയ വിശദീകരണം.