കോട്ടയം: മദ്യശാലകള്‍ തുറന്നാലും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത മുസ്ലീം സംഘടനാ പ്രതിനിധികളുടെ നേതൃത്വത്തില്‍ സൂചനാ സമരം. കോട്ടയം ഗാന്ധിസ്‌ക്വയറില്‍ നടത്തിയ പ്രതിഷേധ സമരം അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ശിഫാര്‍ മൗലവി ഉദ്ഘാടനം ചെയ്തു.
എന്തിനാണ് ആരാധനാലയങ്ങളോട് ഇത്ര വിരോധം
മദ്യശാലകള്‍ക്കുമുമ്പില്‍ ആയിരങ്ങള്‍ പ്രോട്ടോകോള്‍ ഇല്ലാതെ ക്യൂ നില്‍ക്കുന്നു. ഈ ഘട്ടത്തില്‍ മദ്യത്തിനും മയക്കുമരുന്നിനും എല്ലാ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ പ്രാര്‍ഥന നടത്തുന്ന ആരാധനാലയങ്ങള്‍ തുറന്നുതരണം. എന്തിനാണ് ആരാധനാലയങ്ങളോട് സര്‍ക്കാരിന് ഇത്ര വിരോധം.
ആരാധനാലയങ്ങളുടെ മഹത്വം അറിയുന്നവര്‍ക്കെ അതിന്‍റെ പ്രാധാന്യം അറിയൂ. മുസ്ലീം സമൂഹത്തെ സംബന്ധിച്ച് വെള്ളിയാഴ്ച ദിവസങ്ങള്‍ പുണ്യമായ ദിനമാണ്. ക്രൈസ്തവരെ സംബന്ധിച്ച് ഞായറാഴ്ചകള്‍ പുണ്യമായ ദിനമാണ്. ക്ഷേത്രങ്ങളിലും ആരാധനകള്‍ നടക്കണം.
അനുമതി നല്‍കിയില്ലെങ്കിൽ പ്രതിഷേധ സമരം
എത്രയും വേഗം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുതന്നെ സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ നടപടി സ്വീകരിക്കണം. ആരാധനാലയങ്ങള്‍ തുറന്നുതന്നില്ലെങ്കില്‍ എല്ലാ മത പുരോഹിതന്മാരെ ഉള്‍പ്പെടുത്തി വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് നീക്കമെന്ന് പ്രതിഷേധ സമരത്തില്‍ മുസ്ലിം സംഘനാ പ്രതിനിധികള്‍ പറഞ്ഞു.
സമാധാനപരമായി പ്രാര്‍ഥന നടത്താനുള്ള അനുമതി നല്‍കണമെന്നും പ്രതിഷേധ സമരം ആവശ്യപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ ജില്ല പ്രസിഡന്‍റ് എം ബി അമീന്‍ഷാ അധ്യക്ഷത വഹിച്ച പ്രതിഷേധ സമരത്തില്‍ മുസ്ലിംലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം അസീസ് കുമാരനല്ലൂര്‍ , എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡന്‍റ് യു നവാസ്, സമസ്ത കേരള സ്റ്റേറ്റ് ഓര്‍ഗനൈസിങ് സെക്രട്ടറി ഒ എം ശരീഫ് ദാരിമി, താഹാ മൗലവി ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, സാദിഖ് മൗലവി ഇമാം കൗണ്‍സില്‍, വി ഒ അബുസാലി കോട്ടയം മഹല്ല് കോഡിനേഷന്‍, ടിപ്പു മൗലാന ജമാഅത്ത് കൗണ്‍സില്‍ ദക്ഷിണമേഖല വൈസ് ചെയര്‍മാന്‍ എന്നിവര്‍ പങ്കെടുത്തു.