കോട്ടയം: പി.ജെ ജോസഫ് നൽകിയ ഹർജിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിധി ഹൈക്കോടതിയിൽ താൽക്കാലികമായി സ്റ്റേ ചെയ്തു. തുടർന്ന് മധുരം പങ്കുവച്ചായിരുന്നു ജോസഫ് വിഭാഗത്തിൻ്റെ ആഘോഷം. മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പ്രവർത്തകർ ആഹ്ളാദ പ്രകടനവും നടത്തി. ഹൈക്കോടതി വിധിയിലൂടെ സത്യവും നീതിയും ജയിച്ചെന്നായിരുന്നു പി.ജെ ജോസഫിൻ്റെ പ്രതികരണം. ജോസ് നിലവിൽ വട്ടപൂജ്യമായന്നും ജോസ് കെ. മാണിയെ പ്രശംസിച്ച മുഖ്യമന്ത്രിക്ക് ഒരു ദിവസം കൂടി ക്ഷമിക്കാമായിരുന്നുവെന്നും പി.ജെ ജോസഫ് പറഞ്ഞു.
ഏറ്റുമാനൂർ നഗരസഭാ മുൻ വൈസ് പ്രസിഡൻ്റ് സിബി ചിറയിൽ ഉൾപ്പെടെ അഞ്ച് നേതാക്കൾ കൂടി ജോസഫ് വിഭാഗത്തിനൊപ്പം ചേർന്നു. ജോസ് വിഭാഗത്തിൽ കൂട്ട രാജി ആരംഭിച്ചതായി മോൻസ് ജോസഫും പ്രതികരിച്ചു. എന്നാൽ വിഷയത്തിൽ കാര്യമായ പ്രതികരണം നടത്താൻ ജോസ് കെ. മാണി തയ്യാറായില്ല. ജോസഫിന് ലഭിച്ചത് താൽക്കാലിക ആശ്വാസം മാത്രമാണന്നും തുടർ നടപടികൾ നിയമ വിദഗ്‌ധരുമായി ആലോചിച്ച് ചെയ്യുമെന്നും ജോസ് വ്യക്തമാക്കി.
സർവകക്ഷി യോഗത്തിൽ പങ്കെടുത്തതിന് ജോസ് കെ. മാണി നിയമനടപടി നേരിടേണ്ടി വരുമെന്ന ജോസഫിൻ്റെ പ്രതികരണത്തിന്, യോഗത്തിന് ശേഷമാണല്ലോ വിധി വന്നതെന്ന് ജോസ് കെ. മാണി തിരിച്ചടിച്ചു. അതേസമയം ഇടതു പ്രവേശനം ലക്ഷ്യം വച്ചു നിൽക്കുന്ന ജോസ് കെ മാണിക്ക് കോടതി വിധി നേരിയ തിരിച്ചടിയുണ്ടാക്കുന്നുണ്ട്.