കോട്ടയം : ആര്‍ദ്രയുടെ കാത്തിരിപ്പ് ഫലം കണ്ടു, പോപ്പി തേടിയെത്തിയത് സ്കൂളില്‍. അമയന്നൂര്‍ സ്വദേശിയായ ബിനോയ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നായക്കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നത്. നായക്കുട്ടിക്ക് പോപ്പി എന്ന് പേരുമിട്ടു. ഇതിനിടെ ബിനോയുടെ മകള്‍ ആര്‍ദ്രയും പോപ്പിയും തമ്മില്‍ കൂട്ടുകാരായി.
കോട്ടയം മണര്‍കാട് ഇന്‍ഫന്‍റ് ജീസസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആര്‍ദ്ര. കുട്ടി സ്കൂളില്‍ പോകുമ്പോള്‍ അടുത്തുള്ള ബസ് സ്റ്റോപ്പ് വരെ പോപ്പിയും കൂടെ പോകാറുണ്ട്. ആര്‍ദ്ര ബസില്‍ കയറിയാല്‍ പോപ്പി തിരിച്ച് വീട്ടില്‍ എത്തും. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച (04.07.2022) ആര്‍ദ്രയുടെ കൂടെ പോയ പോപ്പി തിരിച്ചെത്തിയില്ല.
ഇതോടെ ആര്‍ദ്രയും അച്ഛന്‍ ബിനോയും പല സ്ഥലത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തന്‍റെ നായക്കുട്ടിയെ കാണാതായതില്‍ ആര്‍ദ്ര സങ്കടത്തിലായിരുന്നു. ഇതിനിടെ കഴിഞ്ഞ വ്യാഴാഴ്ച (07.07.2022) ക്ലാസ് നടക്കുന്നതിനിടെ ഒരു നായ സ്കൂള്‍ മുറ്റത്തെത്തി കുരച്ച് ബഹളം ഉണ്ടാക്കി. സ്കൂൾ മുറ്റത്ത് നായ്ക്കുട്ടി എത്തി കുരച്ചതോടെ അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും ഓടികൂടി. ഇക്കൂട്ടത്തില്‍ ആര്‍ദ്രയും ഉണ്ടായിരുന്നു. കൂട്ടുകാരിയെ കണ്ടതും പോപ്പി ബഹളം നിര്‍ത്തി.
നായ്ക്കുട്ടി തന്‍റേതാണെന്ന കാര്യം ആര്‍ദ്ര അധ്യാപകരെ അറിയിച്ചു. ടീച്ചറുടെ ഫോണില്‍ നിന്നും അച്ഛനെ വിളിച്ച് പോപ്പി തന്നെ തേടി എത്തിയ വിവരം ആര്‍ദ്ര പറഞ്ഞു. സ്കൂളില്‍ എത്തിയ ബിനോയ് പോപ്പിയെ വീട്ടിലേക്ക് കൊണ്ടുപോയി.
എന്നാല്‍ പോപ്പിക്ക് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ബിനോയ് പറഞ്ഞു. അയർക്കുന്നം മൃഗാശുപത്രിയിൽ എത്തിച്ച് പോപ്പിക്ക് ചികിത്സ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.