കോട്ടയം: പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കലിന്‍റെ ആരോപണങ്ങൾ തള്ളി മുൻ എംഎൽഎ പി.സി ജോർജ്. സ്വന്തം മുഖം വികൃതമാകുമ്പോൾ കണ്ണാടിയെ തള്ളി പറഞ്ഞിട്ട് കാര്യമില്ലെന്ന് പി.സി ജോർജ് സെബാസ്റ്റ്യൻ കുളത്തിങ്കലിന് മറുപടിയായി പി.സി ജോർജ് പറഞ്ഞു.
പാറമട അല്ല ഏതെങ്കിലും കച്ചവടക്കാരുമായി തനിക്ക് ബന്ധമുണ്ടെന്ന് തെളിയിച്ചാൽ ദാസ്യപ്പണി ചെയ്യാൻ തയാറാണെന്നും താൻ എംഎൽഎ ആയിരുന്നപ്പോൾ ജനങ്ങൾക്ക് ദോഷം ചെയ്‌ത പാറമടകൾ നിർത്തിയിരുന്നുവെന്നും പി.സി ജോർജ് കോട്ടയത്ത് പ്രതികരിച്ചു. പൂഞ്ഞാർ മണ്ഡലത്തിലെ പ്രകൃതി ദുരന്തത്തിന് ഉത്തരവാദി മുൻ എംഎൽഎ പി.സി ജോർജ് ആണെന്നായിരുന്നു സെബാസ്റ്റ്യൻ കുളത്തുങ്കലിന്‍റെ ആരോപണം.
കേരളത്തിൽ ഡിസാസ്റ്റർ മാനേജ്മെൻറ് പരാജയപ്പെട്ടുവെന്നും ദുരിതാശ്വാസത്തിന് നേതൃത്വം കൊടുക്കേണ്ട ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി ഉദ്യോഗസ്ഥരിൽ പ്രധാനികൾ മഴക്കെടുതിയിൽ വെള്ളം പൊങ്ങിയപ്പോഴും ഉരുൾ പൊട്ടിയപ്പോഴും സ്ഥലത്തില്ലായിരുന്നുവെന്നും പി.സി ജോർജ് ആരോപിച്ചു.
യാതൊരു മാനദണ്ഡങ്ങളും ഇല്ലാത്ത ഡിസാസ്റ്റർ മാനേജ്മെന്‍റ് കമ്മിറ്റിയാണ് കേരളത്തിൽ പ്രവർത്തിക്കുന്നതെന്നും പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ മാത്രം 200 കോടി രൂപയുടെ പാക്കേജ് നടപ്പിലാക്കണമെന്നും പി.സി ജോർജ് പറഞ്ഞു.