കോട്ടയം: വ്യവസായിയായ ഫാരിസ് അബൂബക്കറിന്‍റെ പതിനേഴംഗ സംഘമാണ് ഇപ്പോള്‍ കേരളത്തില്‍ ഭരണം നടത്തുന്നതെന്ന് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്. ഫാരിസിന്‍റെ കച്ചവടത്തിന് സംരക്ഷണം നല്‍കുന്നത് പിണറായിയാണ്. ഫാരിസ് അബൂബക്കറിന്‍റെ സ്ഥാപനങ്ങളിലും ഓഫിസുകളിലും ആദായ നികുതി വകുപ്പ് നടത്തുന്ന അന്വേഷണവും സർക്കാരിൽ വന്ന് നിൽക്കുമെന്നും പി.സി ജോർജ് കോട്ടയത്ത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണം നേരത്തെ നടത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ അനുകൂലിക്കുന്നു: തലശേരി ആർച്ച് ബിഷപ്പിന്‍റെ പ്രസ്‌താവനയെ അനുകൂലിക്കുന്നതായും പിസി ജോർജ് പറഞ്ഞു. ബിഷപ് പറഞ്ഞത് നൂറു ശതമാനം സത്യമാണ്. തലശേരി ബിഷപ് മാർ ജോസഫ് പാംപ്ലാനി മനോവിഷമത്തിലാണ് ആ പ്രസ്‌താവന നടത്തിയത്. ബിഷപ്പിനെകൊണ്ട് എന്തുകൊണ്ട് അത് പറയിപ്പിച്ചു എന്നതാണ് ചിന്തിക്കേണ്ടത്.
അവിടത്തെ കൃഷിക്കാരുടെ ബുദ്ധിമുട്ടുകൾ കണ്ടതിന്‍റെ വെളിച്ചത്തിലാണ് അദ്ദേഹം അങ്ങനെ പ്രസ്‌താവന നടത്തിയത്. അതുകൊണ്ട് നൂറ് ശതമാനം പിതാവിനെ അനുകൂലിക്കുകയാണ്. പിതാവ് പറഞ്ഞത് സത്യമാണ്. എന്നാല്‍ അതുകൊണ്ട് മാത്രമായില്ല. കൃഷിക്കാർ മറ്റ് വിളകളിലേക്കും തിരിയണം. റബ്ബർ ഉപേക്ഷിക്കാൻ തയ്യാറാകണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു.
കോട്ടയത്ത് സിപിഎമ്മും കേരള കോൺഗ്രസ് ജോസ് വിഭാഗവും വെവ്വേറെ കർഷക സംഗമം നടത്തിയെങ്കിലും വില സ്ഥിരത ഫണ്ടിനെ പറ്റി ഒരു പ്രസ്‌താവനയും നടത്തിയില്ല. മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ വില സ്ഥിരത ഫണ്ടിനെ പറ്റി പറയാതെയിരിക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. വില സ്ഥിരത ഫണ്ടിന് പണം നൽകുന്നത് കേന്ദ്രമാണെന്ന പ്രസ്‌താവന വലിയ തമാശയാണെന്നും പിസി ജോർജ് പറഞ്ഞു. കർഷകരെ രക്ഷിക്കുന്ന മുന്നണിക്ക് വേണം അടുത്ത തെരഞ്ഞെടുപ്പിൽ കർഷകർ വോട്ട് ചെയ്യാനെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.
ഫാരിസ് അബൂബക്കറും വ്യവസായ സംരംഭങ്ങളും: പ്രമുഖ വ്യവസായിയായ ഫാരിസ് അബൂബക്കറിന്‍റെ വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും ഇന്നലെ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാറിനെയും വിമര്‍ശിച്ച് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ് രംഗത്തെത്തിയത്. ഫാരിസ് അബൂബക്കറിന്‍റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലേക്ക് വിദേശത്ത് നിന്ന് വന്‍ തോതില്‍ കള്ളപ്പണം നിക്ഷേപിക്കപ്പെടുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.
പരിശോധനയില്‍ ഫാരിസിന്‍റെ ഇടപാടുകളില്‍ സംസ്ഥാനത്തെ പ്രമുഖ രാഷ്‌ട്രീയ നേതാക്കളുടെ പങ്കാളിത്തമുണ്ടെന്ന് സംഘം കണ്ടെത്തി. കൊയിലാണ്ടി, തൃശൂര്‍, കൊച്ചി, മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലുള്ള ഫാരിസിന്‍റെ സ്ഥാപനങ്ങളിലും വീടുകളിലുമാണ് ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തിയത്.
മുളവുകാടുള്ള ഫാരിസിന്‍റെ കമ്പനിക്കായി 15 ഏക്കറിലധികം കണ്ടല്‍ക്കാടുകളും പൊക്കാളിപ്പാടവും നികത്തിയിട്ടുണ്ടെന്ന് തെളിയ്‌ക്കുന്ന രേഖകള്‍ സംഘം കണ്ടെത്തി. മാത്രമല്ല ഈ കമ്പനിയിലേക്ക് റോഡ് സൗകര്യം ലഭിക്കാനായി റോഡിന്‍റെ ദിശമാറ്റിയത് ദേശീയപാത അതോറിറ്റിക്ക് അധികച്ചെലവുണ്ടായെന്നും പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ നിലവില്‍ കൂടുതല്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്.