കോട്ടയം : പാലാ നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്ര അംഗം ജോസിന്‍ ബിനോയെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ച് എല്‍ഡിഎഫ്. സിപിഎം ചിഹ്നത്തില്‍ വിജയിച്ച ഏക കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കാനിരുന്ന ആദ്യ തീരുമാനം തിരുത്തിയാണ് പുതിയ നീക്കം. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് ധാരണ.
ഇതേവരെ ചിത്രത്തിലില്ലാതിരുന്ന ജോസിന്‍ ബിനോയാണ് മത്സരിക്കാനൊരുങ്ങുന്നത്. ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്കിടയില്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയെന്ന നിലയിലാണ് ജോസിന്‍ ബിനോയ്ക്ക് നറുക്ക് വീണത്. പാലാ നഗരസഭയിലെ രണ്ടാം വാര്‍ഡായ മുണ്ടുപാലത്തുനിന്നുള്ള അംഗമാണ് ജോസിന്‍ ബിനോ.
സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ ജയിച്ച ബിനു ഒഴികെ ആരെയും അംഗീകരിക്കാമെന്നായിരുന്നു കേരള കോൺഗ്രസ് നിലപാട്. ഇതോടെയാണ് ബിനു തഴയപ്പെട്ടത്. അതേസമയം പാലാ നഗരസഭ തെരഞ്ഞെടുപ്പില്‍ തന്‍റെ പേര് അനാവശ്യമായി വലിച്ചിഴയ്‌ക്കുന്നുവെന്ന് ആരോപിച്ച് ജോസ് കെ മാണി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് കഴിഞ്ഞദിവസം കത്തയച്ചിരുന്നു.
പാലായില്‍ ആര് ചെയര്‍മാനായാലും തനിക്ക് കുഴപ്പമില്ലെന്നും വിവാദങ്ങള്‍ സൃഷ്‌ടിക്കാതെ പാലായിലെ വിഷയം പരിഹരിക്കണമെന്നുമായിരുന്നു കത്തിലെ ജോസ് കെ മാണിയുടെ ആവശ്യം.