കോട്ടയം: പാലാ നഗരസഭ കൗണ്‍സില്‍ ഹാളില്‍ കെ എം മാണിയുടെ ചിത്രം സ്ഥാപിച്ചതിനെച്ചൊല്ലി തര്‍ക്കം. കൗണ്‍സില്‍ ഹാളില്‍ ചെയര്പേഴ്‌സന്റെ ഡയസിന് പിന്നിലെ ഭിത്തിയിലാണ് കെ എം മാണിയുടെ ചിത്രം സ്ഥാപിച്ചത്. നടപടിയെ ചോദ്യം ചെയ്ത് ബിജെപി അംഗം ബിനു പുളിക്കക്കണ്ടം രംഗത്തെത്തി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം വച്ചിരിക്കുന്ന ഹാളില്‍ തുല്യ പ്രാധാന്യത്തോടെ കെ എം മാണിയുടെ ചിത്രം സ്ഥാപിച്ചത് അനുചിതമാണെന്ന് ബിനു ആരോപിച്ചു.
ഭരണപക്ഷാംഗങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ത്ത് രംഗത്ത് വന്നതോടെയാണ് കൗണ്‍സില്‍ ഹാള്‍ ബഹളമയമായി. ഇടതുപക്ഷം നടപടിയെ എതിര്‍ത്തപ്പോള്‍ ഭരണപക്ഷത്തെ ചിലര്‍ മൗനം പാലിക്കുകയും ചെയ്തു. കൗണ്‍സില്‍ ഹാളില്‍ ഉചിതമായ സ്ഥലത്ത് സ്ഥാപിക്കാമെന്നായിരുന്നു തീരുമാനമെന്നും അത് ഡയസിന് പിന്നിലല്ലെന്നും ബിനു പറഞ്ഞു. ചെറിയാന്‍ ജെ കാപ്പന്റെ ഫോട്ടോ സ്ഥാപിക്കാന്‍ തയാറാകണമെന്നും ബിനു പുളിക്കക്കണ്ടം ആവശ്യപ്പെട്ടു.