കോട്ടയം: ലക്ഷങ്ങള്‍ മുടക്കി പാലാ നഗരത്തില്‍ സ്ഥാപിച്ച ഇ-ടോയ്‌ലറ്റുകള്‍ നഗരസഭ പൊളിച്ചു മാറ്റാനൊരുങ്ങുന്നു. അഞ്ച് വര്‍ഷം മുമ്പാണ് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം ഇ-ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്. എംപി ഫണ്ടില്‍ നിന്ന് 15 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സ്വകാര്യ കമ്പനിയായിരുന്നു ടോയ്‌ലറ്റിന്‍റെ നിര്‍മാണം നടത്തിയത്.
ലളിതവും സൗകര്യപ്രദവുമെന്ന അവകാശവാദത്തിൽ സ്ഥാപിച്ച ടോയ്‌ലറ്റുകള്‍ തുടക്കം മുതല്‍ തകരാറിലായിരുന്നു. ഒരാഴ്‌ചത്തേക്ക് പോലും ജനങ്ങള്‍ക്ക് ഇതിന്‍റെ സേവനം ലഭിച്ചില്ല. പ്രവര്‍ത്തനരീതി അറിയാതിരുന്നതും വെള്ളമില്ലാതിരുന്നതും സാമൂഹ്യവിരുദ്ധരുടെ ദുരുപയോഗവുമെല്ലാം തുടക്കത്തില്‍ തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ആദ്യഘട്ടങ്ങളില്‍ തകരാര്‍ പരിഹരിച്ചെങ്കിലും പിന്നീടതുണ്ടായില്ല. നഗരസഭ ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധക്കുറവും വേണ്ടത്ര ബോധവത്കരണമില്ലാതിരുന്നതും ഇ-ടോയ്‌ലറ്റിനെ കാഴ്‌ചവസ്‌തുവാക്കി മാറ്റി. നഗരത്തില്‍ ആവശ്യത്തിന് ശുചിമുറികള്‍ ഇല്ലെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഇ-ടോയ്‌ലറ്റുകള്‍ സിനിമാ പോസ്റ്ററുകളും പേറി നോക്കുകുത്തിയായി നില്‍ക്കുന്നത്.