കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ ജീവനക്കാരുടെ കലാസാംസ്കാരിക സംഘടനയായ സംസ്കാരയുടെ നേതൃത്വത്തിൽ ചിത്ര പ്രദർശനം സംഘടിപ്പിച്ചു. സർവകലാശാലയിലെ ജീവനക്കാരുടെ രചനകൾ കോർത്തിണക്കിയാണ് ചിത്ര പ്രദർശനം സംഘടിപ്പിച്ചത്. 'വരയുടെ വർണരാജികൾ' എന്ന പേരിൽ സർവകലാശാല ആസ്ഥാനത്തെ അസംബ്ലി ഹാളിൽ രണ്ട് ദിവസം നീണ്ട ചിത്ര പ്രദർശനമാണ് നടന്നത്. ഏഴോളം കലാകാരൻമാരുടെ 120ൽ പരം സൃഷ്ടികളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്. ഓയിൽ പെയിന്റ്, അക്രിലിക്, വാട്ടർ കളർ തുടങ്ങി വ്യത്യസ്ത മാധ്യമങ്ങളിലും പ്രതലങ്ങളിലും ഒരുക്കിയ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.
സംസ്കാരയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ചിത്ര പ്രദർശനമാണിത്. വരും വർഷങ്ങളിലും പുതിയ സൃഷ്ടികൾ ഉൾപ്പെടുത്തി പ്രദർശനം സംഘടിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. സർവകലാശാലയിലെ അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും അടക്കം നിരവധി പേരാണ് പ്രദർശനം കാണാനെത്തിയത്. ഇതിൽ പലരും തങ്ങൾക്കിഷ്ടപ്പെട്ട ചിത്രങ്ങൾ വില കൊടുത്ത് സ്വന്തമാക്കുകയും ചെയ്തു.