കോട്ടയം : കോട്ടയത്ത് കൊവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിനായി കലക്‌ടറേറ്റിൽ മെയ് മൂന്നിന് തുടങ്ങിയ ഓക്‌സിജന്‍ വാര്‍ റൂം ജില്ലയിലെ ഓക്‌സിജൻ ദൗർലഭ്യത്തിന് പരിഹാരമായിരിക്കുകയാണ്.
വാര്‍ റൂമിന്‍റെ പ്രവര്‍ത്തനം ഒരു മാസം പിന്നിടുമ്പോൾ ജില്ലയിലെ കൊവിഡ് ആശുപത്രികളും സ്വകാര്യ ആശുപത്രികളും പരിചരണ കേന്ദ്രങ്ങളും ഉള്‍പ്പെടുന്ന 137 ചികിത്സാ കേന്ദ്രങ്ങളിലും എല്ലാ ദിവസവും വേണ്ട ഓക്‌സിജന്‍ കൃത്യമായി ലഭിക്കുന്നു.
ഓക്‌സിജന്‍ വാര്‍ റൂം ജില്ലാ കലക്ടര്‍ എം. അഞ്ജനയുടെ മേല്‍നോട്ടത്തില്‍
വീടുകളില്‍ പാലിയേറ്റീവ് പരിചരണത്തില്‍ കഴിയുന്ന രോഗികള്‍ക്കും ആംബുലന്‍സുകള്‍ക്കും സിലിണ്ടറുകള്‍ ലഭ്യമാക്കുന്നതിനും വാർ റൂം ഏറെ സഹായകമാകുന്നുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയ്ക്ക് ആവശ്യമായ ഓക്‌സിജന്‍ ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം ജില്ലയില്‍ ഓക്‌സിജന്‍ വാര്‍ റൂം തുറന്നത്.
ജില്ല കലക്ടര്‍ എം. അഞ്ജനയുടെ മേല്‍നോട്ടത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തില്‍ റവന്യൂ, ആരോഗ്യം, പൊലീസ്, മോട്ടോര്‍ വെഹിക്കിള്‍, ഫാക്ടറീസ് ആന്‍റ് ബോയിലേഴ്സ്, വ്യവസായം, ജി.എസ്.ടി എന്നീ വകുപ്പുകളിലെയും ആരോഗ്യ കേരളത്തിലെയും ഉദ്യോഗസ്ഥര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.
ALSO READ: മുട്ടിൽ വനംകൊള്ള; ഹർജി തള്ളി ഹൈക്കോടതി
ഓക്‌സിജന്‍റെ അളവ് കണക്കാക്കുന്നത് കൊവിഡ് ജാഗ്രത പോര്‍ട്ടലിലൂടെ
വാര്‍ റൂമുമായി ബന്ധപ്പെട്ട ചുമതലകള്‍ക്കായി 137 ചികിത്സാ കേന്ദ്രങ്ങളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. 24 മണിക്കൂറിലെ ഓക്‌സിജന്‍ ഉപയോഗം, ആകെ രോഗികള്‍, നിലവില്‍ ഓക്‌സിജന്‍ സ്വീകരിക്കുന്നവര്‍, വെന്‍റിലേറ്ററില്‍ കഴിയുന്നവര്‍, അടുത്ത 24 മണിക്കൂറില്‍ ആവശ്യമുള്ള ഓക്‌സിജന്‍ തുടങ്ങിയ വിവരങ്ങള്‍ ഇവര്‍ എല്ലാ ദിവസവും രാവിലെ 11ന് മുന്‍പ് കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യും.
പോര്‍ട്ടലില്‍ ലഭിക്കുന്ന വിവരങ്ങളും ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാരുടെ റിപ്പോര്‍ട്ടും സബ് കളക്ടറുടെ നേതൃത്വത്തില്‍ വിലയിരുത്തിയശേഷമാണ് ഓരോ കേന്ദ്രത്തിലേക്കും അടുത്ത 24 മണിക്കൂറിലേക്ക് ആവശ്യമുള്ള ഓക്‌സിജന്‍റെ അളവ് കണക്കാക്കി അനുവദിക്കുക.