കോട്ടയം: സഭാ തർക്കം പരിഹരിക്കാൻ സർക്കാർ കൊണ്ടു വന്ന കരട് ബില്ലിനെ രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്‌സ് സഭ. നിയമം അറിയുന്നവർക്ക് ഇങ്ങനെ ഒരു ബില്‍ ഉണ്ടാക്കാൻ പറ്റില്ലയെന്നും വോട്ടുബാങ്കിന് വേണ്ടിയുള്ള തട്ടിപ്പാണ് ബില്ലെന്നും ഓർത്തോഡക്‌സ് സഭ മാധ്യമ വിഭാഗം അധ്യക്ഷൻ ഫാ ഡോ ഗീവറുഗീസ് യൂലിയോസ് ഇടിവി ഭാരതിനോട് പറഞ്ഞു. മലങ്കര സഭയുടെ ഭരണം ഏതു വിധത്തിൽ വേണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അത് നടപ്പാക്കാൻ ക്രമീകരണം ഒരുക്കുകയെന്നതാണ് സര്‍ക്കാറിന്‍റെ ഉത്തരവാദിത്തം. എന്നാൽ പിണറായി സർക്കാർ ഇക്കാര്യത്തിൽ ഭരണഘടന സംവിധാനത്തെ തകർക്കുന്ന സമീപനമാണ് എടുത്തിരിക്കുന്നതെന്നും ഇതിന് രാഷ്ട്രീയമായും നിയമപരമായും മറുപടി നൽകുമെന്നും സഭ വ്യക്തമാക്കി.
സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കമാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. സഭാ തർക്കം പരിഹരിക്കുന്നതിനായി ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മിഷൻ കരട് ബിൽ തയ്യാറാക്കി. ഇരു വിഭാഗങ്ങളും തമ്മില്‍ തര്‍ക്കം ഉണ്ടായാല്‍ ഭൂരിപക്ഷം ആര്‍ക്ക് എന്ന് നോക്കി പള്ളികളുടെ ഉടമസ്ഥാവകാശം തീരുമാനിക്കണം എന്നാണ് കരട് ബില്ലിലെ പ്രധാന വ്യവസ്ഥ. സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്‌ജിയുടെ നേതൃത്വത്തില്‍ ഉള്ള മൂന്ന് അംഗ അതോറിറ്റിയാണ് റഫറണ്ടം നടത്തേണ്ടത്. ഇതിന് എതിരെയാണ് ഓർത്തഡോക്‌സ് സഭ രംഗത്ത് എത്തിയത്.