കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ചിത്രം കോണ്‍ഗ്രസിന്‍റെ ബഫർസോൺ പ്രതിഷേധ പരിപാടിയിൽ നിന്നും ഒഴിവാക്കിയത് ചോദ്യം ചെയ്‌ത മനുകുമാറിന് മര്‍ദനം. കല്ലുകൊണ്ട് പുറത്ത് ഇടിച്ചു യൂത്ത് കോൺഗ്രസ് നേതാവിനെ മർദച്ചത് ഡിസിസി ഓഫീസ് സെക്രട്ടറി ലിബിന്‍ ആണെന്നാണ് ആരോപണം. ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത് ചോദ്യം ചെയ്‌തതിനാണ് കോട്ടയം ഡിസിസി പ്രസിഡൻ്റ് അനുകൂലിയായ ലിബിൻ തന്നെ മർദിക്കാൻ കാരണമെന്ന് മനു ആരോപിച്ചു.
പരിക്കേറ്റ മനു ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ചൊവ്വാഴ്‌ച കോരുത്തോട് പഞ്ചായത്തിൽ നടക്കുന്ന പരിപാടിയുടെ പോസ്റ്ററിൽ നിന്നാണ് ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്. രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്‌ത പരിപാടിയിൽ, ചെന്നിത്തലയ്‌ക്ക് പുറമെ ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്, തിരുവഞ്ചൂർ രാധക്യഷ്‌ണന്‍, കെ.സി ജോസഫ് എന്നിവരും ജില്ലയിലെ മറ്റ് കെപിസിസി ഭാരവാഹികളുടെ ചിത്രങ്ങളും പോസ്റ്ററിൽ ഇടം പിടിച്ചിട്ടുണ്ട്.
ALSO READ: വിവാദം ഒഴിയാതെ കോട്ടയം ഡിസിസി: ഉമ്മൻചാണ്ടിയെ ഒഴിവാക്കി ബഫര്‍ സോണ്‍ വിരുദ്ധ സമര പോസ്റ്റര്‍
തരൂരിന് എ ഗ്രൂപ്പ് കോട്ടയത്ത് വേദി ഒരുക്കിയതിൽ ഔദ്യോഗിക നേതൃത്വത്തിനുള്ള അതൃപ്‌തിയാണ് നടപടിക്ക് പിന്നിലെന്നാണ് സൂചന. തരൂരിൻ്റെ പരിപാടിയിൽ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഉൾകൊള്ളിച്ചപ്പോൾ മറ്റ് നേതാക്കളെ ഒഴിവാക്കിയത് വിവാദമായിരുന്നു. ഇതിൻ്റെ തുടർച്ചയാണ് പുതിയ വിവാദം. സംഭവത്തിൽ ഉമ്മൻ ചാണ്ടി അനുകൂലികൾ ഡിസിസി നേതൃത്വത്തെ അതൃപ്‌തി അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകന് മർദനമേറ്റത്.