കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം യുഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയില്‍ ചേര്‍ന്ന തീരുമാനം ആ പാര്‍ട്ടിയുടെ രാഷ്ട്രീയ വികാരത്തിന് എതിരാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. രാവിലെ 10 മണിയോടെ പുതുപ്പള്ളി ജോര്‍ജ്ജിയന്‍ പബ്ലിക് സ്‌കൂളില്‍ കുടുംബസമേതം എത്തിയതാണ് ഉമ്മന്‍ ചാണ്ടി വോട്ട് രേഖപ്പെടുത്തിയത്. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ അദ്ദേഹം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ വിമര്‍ശം ഉന്നയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി പൂര്‍ണ ആത്മവിശ്വാസത്തിലാണെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നാട്ടില്‍ അതിശക്തമായ ജനവികാരമാണുളളതെന്നും കൂട്ടിച്ചേര്‍ത്തു. ആറുകൊല്ലമായ മോദിയുടെ ഭരണത്തിനും അഞ്ച് കൊല്ലമായ പിണറായിവിജയന്‍റെ ഭരണത്തിനുമെതിരെ ശക്തമായ ജനവികാരമുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ ഭരണം അവര്‍ക്ക് എന്തുമാകാം എന്ന നിലയിലുളളതാണ്. രാജ്യത്ത് ഇന്ധനവില കുത്തനെ കൂടുകയാണ്.അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില കുറഞ്ഞിരിക്കുന്ന സമയത്തും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കൂട്ടുകയാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഏഴ് തവണ എണ്ണവില വര്‍ദ്ധനവില്‍ നിന്നുളള അധിക നികുതി വരുമാനം വേണ്ടെന്ന് വച്ചു.
ഇങ്ങനെ വേണ്ടെന്ന് വച്ചത് 700 കോടിയോളം രൂപയാണ്. യു.ഡി.എഫ് ഭരണത്തില്‍ വന്നാല്‍ ഇനിയും അത് വേണ്ടെന്ന് വയ്ക്കും. നികുതി വര്‍ദ്ധന വേണ്ടെന്ന് വയ്ക്കാനുളള തന്‍റേടം എല്‍.ഡി.എഫ് സര്‍ക്കാരിനില്ല. ആ മണ്ടത്തരത്തിന് താനില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. ഈ സര്‍ക്കാരുകള്‍ക്കെതിരായ വികാരം തെരഞ്ഞെടുപ്പില്‍ പ്രകടമാകുമെന്നും ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടു. എല്‍.ഡി.എഫില്‍ ചേരാനുളള ജോസ് കെ മാണിയുടെ പാര്‍ട്ടി തീരുമാനം ആ പാര്‍ട്ടിയുടെ രാഷ്ട്രീയ വികാരത്തിന് എതിരാണ്. മാണിസാര്‍ യുഡിഎഫിന് ഒരു വികാരമാണ്. മാണിസാറിനെ അപമാനിക്കുന്നവര്‍ക്കൊപ്പം ചേരാനുളള ജോസിന്‍റെ തീരുമാനം ആ വികാരമുളളവരെ ഞെട്ടിച്ചിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.