കോട്ടയം : രാഷ്‌ട്രീയ തട്ടകമായ കോട്ടയത്തിന്‍റെ, ഹൃദയമായ തിരുനക്കര മൈതാനിയില്‍ ഉമ്മന്‍ചാണ്ടിയെ കാണാന്‍ ആയിരങ്ങള്‍. മുന്‍പ് ഉമ്മന്‍ ചാണ്ടി പറയുന്നത് കേള്‍ക്കാനായിരുന്നു ജനം ഇവിടേക്ക് ഇരച്ചെത്തിയതെങ്കില്‍ ഇന്ന് പ്രിയ നേതാവിനെ അവസാനമായി കാണാനാണ് അവര്‍ ഒത്തൂകൂടിയത്. എന്നും ജനങ്ങള്‍ക്കിടയില്‍ ജീവിച്ച പ്രിയ ഉമ്മന്‍ ചാണ്ടി നിശ്ചലനായി തിരുനക്കരയുടെ മണ്ണില്‍.
രാഷ്‌ട്രീയ, സിനിമ, സാമൂഹിക മേഖലയിലെ നിരവധി പ്രമുഖരെ കൂടാതെ സാധാരണക്കാരില്‍ സാധാരണക്കാര്‍ വരെ മണിക്കൂറുകളോളം കാത്തുനിന്നാണ് പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നത്. സിനിമ താരങ്ങളായ മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി, രമേഷ് പിഷാരടി എന്നിവര്‍ ഉമ്മന്‍ ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഇന്നലെ വൈകുന്നേരമാണ് തിരുനക്കരയിലെ പൊതുദര്‍ശനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നിട്ട വഴികളില്‍ ആയിരങ്ങള്‍ അണിനിരന്നതോടെ വിലാപയാത്ര കോട്ടയത്തെത്താന്‍ 24 മണിക്കൂറാണ് വേണ്ടിവന്നത്. പകലിരവിന്‍റെ ഭേദങ്ങളോ വെയിലോ മഴയോ വകവയ്ക്കാതെ ആയിരങ്ങള്‍ ജനകീയ നേതാവിനെ കാത്തിരുന്നു.
അര്‍ധരാത്രിയും പുലര്‍ച്ചയുമെല്ലാം കൊച്ചുകുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ റോഡരികില്‍ മണിക്കൂറുകളോളം കാത്തുനിന്നു. മുഖ്യമന്ത്രിയായിരിക്കെ 20 മണിക്കൂര്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തനനിരതനായിരിക്കുകയും നാല് മണിക്കൂര്‍ മാത്രം ഉറങ്ങുകയും ചെയ്‌ത പ്രിയ നേതാവിനായി ഇത്രയെങ്കിലും കാത്തുനില്‍ക്കണ്ടേ എന്നായിരുന്നു പലരുടെയും അഭിപ്രായം.
തിരുനക്കര മൈതാനിയില്‍ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലേക്കാണ് ഭൗതിക ശരീരം കൊണ്ടുപോവുക. 53 വര്‍ഷം നിയമസഭയിലേക്കയച്ച പ്രിയ കുഞ്ഞൂഞ്ഞിനെ കാത്ത് ആയിരങ്ങള്‍ വികാരാധീനരായി അവിടെ കാത്തുനില്‍പ്പുണ്ട്. ഉച്ചയ്‌ക്ക് മൂന്നരയ്‌ക്ക് പുതുപ്പള്ളി പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.
അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതികള്‍ ഉണ്ടായിരിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് കുടുംബം നിലപാടെടുത്തിരുന്നു. പിന്നാലെ സര്‍ക്കാര്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്‌താണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്.
കോട്ടയം പുതുപ്പള്ളി സെന്‍റ് ജോര്‍ജ് വലിയ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരത്തിനായി പ്രത്യേകം കല്ലറ തയ്യാറാക്കിയിട്ടുണ്ട്. പരിശുദ്ധ കാത്തോലിക്ക ബാവ സംസ്‌കാര ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും.
സംസ്കാര ചടങ്ങുകള്‍ നടക്കുന്ന ഇന്ന് കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാവിലെയാണ് തിരുവനന്തപുരത്ത് നിന്നും ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര ആരംഭിച്ചത്. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ നൂറുകണക്കിന് നേതാക്കള്‍ വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. വിലാപയാത്ര കടന്നുപോയ വഴിയിലെല്ലാം ആയിരക്കണക്കിന് ആളുകള്‍ പ്രിയ നേതാവിന് അന്തിമോപചാരമര്‍പ്പിക്കാന്‍ കാത്തുനിന്നിരുന്നു.