കോട്ടയം: കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ ശബരിമല തീർഥാടകൻ കൊല്ലപ്പെട്ടു. എരുമേലി കാനനപാതയില്‍ മക്കുഴി വെള്ളാഴം ചെറ്റയിലാണ് ആക്രമണം നടന്നത്.
ശനിയാഴ്ച രാത്രി മുക്കുഴിയിൽ വിരിവെച്ച് വിശ്രമിച്ച ശേഷം പുലർച്ചെ യാത്ര തുടങ്ങിയ കോയമ്പത്തൂരിൽ നിന്നുള്ള പതിമൂന്നംഗ തീർഥാടക സംഘത്തോടൊപ്പം വന്ന കോയ ഭദ്രപ്പനാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് എരുമേലി വഴിയുള്ള കാനനപാതയിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇവിടെ ഉണ്ടായിരുന്ന താത്ക്കാലിക കടകളിലൊന്നിൽ നിന്നിരുന്ന ഇവർക്കിടയിലേക്ക് കാട്ടാനക്കൂട്ടം എത്തുകയായിരുന്നു. കൊല്ലപ്പെട്ട ആൾക്കൊപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. സംഭവ സ്ഥലത്ത് കാട്ടാനക്കുട്ടം നിലയുറപ്പിച്ചതോടെ കൊല്ലപ്പെട്ട തീർഥാടകന്‍റെ മൃതദേഹം വീണ്ടെടുക്കാൻ മണിക്കുറുകൾ വേണ്ടി വന്നു. ശനിയാഴ്ച രാവിലെ അഴുതയിലും കാട്ടാനകളുടെ ആക്രമണം ഉണ്ടായി. രണ്ട് വിരിപ്പന്തലുകൾ ഭാഗികമായി തകർക്കുകയും തീർഥാടകരെ വിരട്ടി ഓടിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ എരുമേലി വഴിയുള്ള പരമ്പരാഗത കാനന പാത താത്ക്കാലികമായി അടച്ചിരിക്കുകയാണ്.