കോട്ടയം: കൊവിഡ് 19 വൈറസ് സംശയിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കഞ്ഞിക്കുഴി സ്വദേശിനി ആശുപത്രി വിട്ടു. പരിശോധനകളിൽ ഫലം നെഗറ്റിവായതിനെ തുടർന്നാണ് ഇവരെ ഡിസ്‌ചാര്‍ജ് ചെയ്തത്. ഇതോടെ ആശുപത്രിയിൽ ഇനി ചികിത്സയിലുള്ളത് 17 പേർ മാത്രമാണ്. ജില്ലയിൽ അവസാനമായി എത്തിയ 123 സാമ്പിൾ ഫലങ്ങളും നെഗറ്റീവായിരുന്നു. തുടർച്ചയായ നാലാം ദിവസവും വൈറസ് ബാധിതരില്ലാത്ത ജില്ലയാക്കുന്നത് കോട്ടയത്തിന് നേരിയ ആശ്വാസം നൽകുന്നു.
ജില്ലയിൽ 216 സാമ്പിൾ പരിശോധന ഫലങ്ങൾ കൂടിയാണ് ഇനി വരാനുള്ളത്. 110 സാമ്പിളുകളാണ് അവസാനമായി ജില്ലയിൽ നിന്നും പരിശോധനക്കയച്ചത്. ജില്ലയിൽ ഇതുവരെ 1579 പേരാണ് സ്രവ സാമ്പിൾ പരിശോധനക്ക് വിധേയരായത്. ഇതിൽ 1321 പേരുടെയും പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്ടാക്ടിലായി ഏഴ് പേരെയയും സെക്കന്‍ററി കോണ്ടാക്ടിലായി 32 പേരെയും പുതുതായി കണ്ടെത്തി. ഇതോടെ ജില്ലയിൽ ഗാർഹിക നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1665 ആയി ഉയർന്നു. 81 പേരെയാണ് പുതിയതായി ഗാർഹിക നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.
വൈറസ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നില്ലെങ്കിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി മുന്നോട്ടുപോകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.