കോട്ടയം : നഗരത്തിൽ മാലിന്യം നീക്കംചെയ്യുന്നത് തടസപ്പെട്ടതോടെ പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാകുന്നതായി പരാതി. മഴ ശക്തമായതോടെ പ്രശ്‌നം രൂക്ഷമായിരിക്കുകയാണ്. സംസ്‌കരണത്തിന് നഗരസഭയ്‌ക്ക് വഴിയില്ലാതായതാണ് റോഡരികില്‍ മാലിന്യം കുന്നുകൂടാന്‍ ഇടയാക്കിയത്.
മാലിന്യം കുഴിച്ചുമൂടുകയായിരുന്നു നേരത്തേ ചെയ്‌തിരുന്നത്. എന്നാൽ, ഇവ ശേഖരിച്ചിരുന്ന ക്ളീന്‍ കേരള കമ്പനിയുമായുള്ള കരാർ പുതുക്കാത്തതുമൂലം കെട്ടിക്കിടക്കുകയാണ്. ഇതാണ് നിലവിലെ പ്രതിസന്ധിയ്‌ക്ക് കാരണമായത്. സ്വന്തമായി മാലിന്യസംസ്കരണ സംവിധാനം നഗരസഭയ്ക്കില്ല. എന്നാൽ ഇതേക്കുറിച്ച് ആലോചിക്കാൻ പോലും നഗരസഭ തയ്യാറല്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഉറവിട മാലിന്യ സംസ്‌കരണ പദ്ധതികൾ തുടങ്ങിയെങ്കിലും ഫലപ്രദമായില്ല. നഗരസഭ ജീവനക്കാരും ഹരിത കർമസേനയും ശേഖരിക്കുന്ന മാലിന്യങ്ങൾ ക്ലീന്‍ കേരള ഏറ്റെടുക്കുന്നില്ല. അധികൃതര്‍ നൽകാനുള്ള പണം അടയ്ക്കാത്തതാണ് പ്രതിസന്ധിയെന്നാണ് വിവരം. അതേസമയം പ്രശ്‌നം പരിഹരിച്ചെന്നും ഉടൻ തന്നെ നീക്കം ചെയ്യുമെന്നും തത്കാലം മാലിന്യങ്ങൾ നാഗമ്പടം മൈതാനത്ത് സൂക്ഷിക്കുമെന്നുമാണ് അധികൃതരുടെ വാദം.
ALSO READ: ജോജു ജോർജിൻ്റെ കാർ തകർത്ത കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റിൽ