കോട്ടയം സീറ്റിനായി ഇടതുപക്ഷത്ത് പോര് മുറുകുന്നു. സിപിഎമ്മും ജനാധിപത്യ കേരള കോൺഗ്രസും കോട്ടയം സീറ്റിനായി ചട്ടം കെട്ടുമ്പോൾ സീറ്റ് നൽകേണ്ടതില്ല എന്ന നിലപാടിലാണ് ജനതാദൾ സെക്കുലർ.
2009 നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായ അഡ്വക്കേറ്റ് സുരേഷ് കുറുപ്പ് പരാജയപ്പെട്ടതോടെയാണ് 2014 കോട്ടയം സീറ്റ് ജനതാദൾ സെക്കുലറിന് ലഭിക്കുന്നത്. ജനതാദളിലെ മുതിർന്ന നേതാവായ മാത്യു ടി തോമസ് എൽ ഡി എഫിന് വേണ്ടി മത്സരരംഗത്ത് ഇറങ്ങിയെങ്കിലും ഒരുലക്ഷത്തിലധികം വോട്ടിന് പരാജയപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ കോട്ടയം സൈറ്റിൽ നേരിട്ട് മത്സരിച്ചാൽ വിജയം സുനിശ്ചിതമാണെന്നാണ് സിപിഎം നേതൃത്വത്തിന്‍റെയും അണികളുടെയും പൊതുധാരണ. എന്നാൽ കോട്ടയം സീറ്റ് വിട്ട് നൽകേണ്ട എന്ന നിലപാടാണ് ജനതാദളിന് ഉള്ളത്.
അടുത്തിടെ എൽഡിഎഫിന്‍റെ ഘടക കക്ഷിയായി മാറിയ ജനാധിപത്യ കേരള കോൺഗ്രസും കോട്ടയം സീറ്റിനായി ചട്ടം കെട്ടുന്നു എന്നാണ് പാർട്ടി നേതൃത്വത്തിൽ നിന്നും ലഭിക്കുന്ന വിവരം. വരുന്ന എൽഡിഎഫ് യോഗത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് ഈ ആവശ്യം ഉന്നയിക്കാനാണ് സാധ്യത.