കോട്ടയം: റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട കോട്ടയം ജില്ലയിലെ മാർക്കറ്റുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ ഭരണകൂടം. കേന്ദ്ര ആഭ്യന്തര മന്ത്രാലായത്തിന്‍റെയും സംസ്ഥാന സർക്കാരിന്‍റെയും നിർദേശങ്ങൾ പരിഗണിച്ചാണ് പുതിയ തീരുമാനം.
നിയന്ത്രണങ്ങൾ നടപ്പാക്കാനായി ജില്ലാ കലക്ടർ പി.കെ സുധീർ ബാബു തഹസിൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾ പ്രാകാരം മാർക്കറ്റിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങൾ മാർക്കറ്റിൽ പ്രവേശിക്കുന്നതിന് മുൻപും പിൻപും അണുനശീകരണം നടത്തണം. ചരക്കുമായി എത്തുന്ന ലോറി ഡ്രൈവര്‍മാരുടെ ശരീരോഷ്മാവ് അളന്ന ശേഷം അൺലോഡിങ് പാസ്സോടെ വേണം മാർക്കറ്റിൽ പ്രവേശിക്കാൻ. ഇത്തരം പാസില്ലാത്ത വാഹനങ്ങളിൽ നിന്നും കടയുടമകളോ തൊഴിലാളികളോ ചരക്കിറക്കാൻ പാടില്ല.
മൊത്ത വിതരണക്കച്ചവടക്കാർ ദിവസേന തങ്ങളുടെ കടയിൽ ലോഡ് ഇറക്കുന്ന വാഹനങ്ങളുടേയും തൊഴിലാളികളുടേയും പേരുവിവരങ്ങൾ എഴുതി സൂക്ഷിക്കണം. മൊത്ത വ്യാപാര മാർക്കറ്റുകളിൽ ചില്ലറ വിൽപ്പന പരമാവധി ഒഴിവാക്കണമെന്നും കച്ചവടക്കാർക്ക് കർശന നിർദേശമുണ്ട്. മാർക്കറ്റുകൾക്കുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് ഇല്ലാത്ത കച്ചവടവും പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.
ലോറി തൊഴിലാളികൾക്കുള്ള ഭക്ഷണം കടയുടമകൾ നൽകണം. ഇവർ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നും ലോഡ് ഇറക്കി കഴിഞ്ഞാലുടൻ വാഹനങ്ങൾ മാർക്കറ്റിൽ നിന്നും മാറ്റണമെന്നും നിർദേശമുണ്ട്. ഈ മാർഗ്ഗ നിർദ്ദേശങ്ങൾ വ്യാപാര സ്ഥാപനങ്ങളിൽ പൊതുജനങ്ങൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കണം. മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ, ദുരന്തനിവാരണ നിയമങ്ങൾ പ്രകാരം കർശന നടപടികൾ ഉണ്ടാകും.