കോട്ടയം: അസൗകര്യങ്ങള്‍ക്ക് നടുവിലായിരുന്ന ഈരാറ്റുപേട്ട തലപ്പലം ഗവ. എല്‍പി സ്‌കൂളിന് പുതിയ മന്ദിരം. സംസ്ഥാന സര്‍ക്കാരിന്‍റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായാണ് ഒരു കോടി രൂപ മുതല്‍ മുടക്കി പുതിയ മന്ദിരം പൂര്‍ത്തിയാക്കിയത്. ഫെബ്രുവരി ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. ഇംഗ്ലീഷ്- മലയാളം മീഡിയത്തിലായി എല്‍കെജി , യുകെജി മുതല്‍ നാലാം ക്ലാസുവരെ 250 ലധികം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. 1916 ല്‍ സ്ഥാപിതമായ തലപ്പലം എല്‍പി സ്‌കൂളിന് പഴയ മന്ദിരം മാത്രമാണ് നിലവിലുണ്ടായിരുന്നത്. 2017- 18 സാമ്പത്തിക വര്‍ഷത്തില്‍ പാല എംഎല്‍എയായിരുന്ന കെ എം മാണിയുടെ ശുപാര്‍ശയിലാണ് ആധുനിക നിലവാരത്തിലുള്ള കെട്ടിട്ടം നിര്‍മിക്കുവാനുള്ള തുക അനുവദിച്ചത്.
ഏഴ് ക്ലാസ് റൂമുകളും, ഓഫീസ് റൂം , അത്യാധുനിക നിലവാരത്തിലുള്ള ശുചിമുറി എന്നിവയോടെയാണ് സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചത്. ആറാം തീയതി രാവിലെ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ശിലാഫലകം അനാച്ഛാദനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിക്കും . പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ കെ ജെ പ്രസാദ് , തോമസ് ചാഴികാടന്‍ എം പി , ജില്ലാ കലക്ടര്‍ അഞ്ജന എം ഐ.എ.എസ് തുടങ്ങിയവര്‍ പങ്കെടുക്കും.