കോട്ടയം: ജില്ലയിൽ സിപിഎം പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം. നൂർ സലാം എന്നയാൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ നൂർ സലാമിനെ പാലാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
രാവിലെ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി സ്‌കൂട്ടറിൽ തിരിച്ചു വരുമ്പോൾ അരുവിത്തുറ കോളേജിന്‍റെ മുൻപിൽ വച്ചാണ് ആക്രമണമുണ്ടായത്. എസ്.ഡി.പി ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. സ്‌കൂട്ടർ ഓടിക്കുന്നതിനിടയിൽ കമ്പി വടി കൊണ്ട് അദ്യം കയ്യിൽ അടിക്കുകയും തുടർന്ന് വാഹനം എടുത്തു മുൻപോട്ട് പോകാൻ ശ്രമിച്ച നൂർ സലാമിന്‍റെ കാലിൽ
അടിക്കുകയും ചെയ്തു.
സ്‌കൂട്ടറിന്‍റെ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു വീണ നൂർ സലാമിനെ കമ്പിയും മൂർച്ചയുള്ള ആയുധവും ഉപയോഗിച്ച് അടിക്കുകയും വെട്ടുകയുമായിരുന്നു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്താൻ ശ്രമിച്ചപ്പോൾ കൈ കൊണ്ട് തടയുന്നതിനിടെ കൈ വിരലിനും ഗുരുതര പരിക്കുകളേറ്റു. കൈക്കും കാലിനും വെട്ടേറ്റ നൂർ സലാമിനെ ഈരാറ്റുപേട്ടയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഗുരുതര പരിക്കുള്ളതിനാൽ പാലാ താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി.
എന്നാൽ എസ്.ഡി.പി ഐ യ്ക്ക് ഇതുമായി യാതൊരു ബന്ധവുമില്ല എന്ന് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ് കെ.റഷീദ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ എസ്.ഡി.പി ഐ. വൻ മുന്നേറ്റം നടത്തുമെന്നും ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന ആരോപണം വസ്‌തുതാ വിരുദ്ധമാണെന്നും എസ്.ഡി.പി ഐ. നേതാക്കൾ പറഞ്ഞു.