കോട്ടയം: ഈരാറ്റുപേട്ടയില്‍ നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി. ഭൂരിപക്ഷം സംബന്ധിച്ച നിയമപ്രശ്‌നത്തെ തുടര്‍ന്നാണ് വരണാധികാരി ഐ.ടി.ഡി.സി പ്രോജക്ട് ഓഫീസര്‍ പി.വിനോദ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. സ്ഥാനാര്‍ഥികളായ എല്‍ഡിഎഫ് വിമതന്‍ ടി.എം റഷീദിന് 12 വോട്ടും വി.എം സിറാജിന് 11 വോട്ടും ലൈല പരീതിന് മൂന്ന് വോട്ടുമാണ് ലഭിച്ചത്.
മൂന്ന് സ്ഥാനാര്‍ഥികള്‍ മത്സരിക്കുമ്പോള്‍ മൂന്നാം സ്ഥാനത്തുള്ളയാളെ ഒഴിവാക്കി ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തുന്നവരെ വീണ്ടും വോട്ടിനിടണമെന്നാണ് ചട്ടം. അല്ലെങ്കില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നയാള്‍ക്ക് മറ്റ് രണ്ട് പേര്‍ക്കും ലഭിച്ചതിനേക്കാള്‍ ഒരു വോട്ട് കൂടുതല്‍ ലഭിക്കണം. വരണാധികാരിയായ ഐ.ടി.ഡി.സി പ്രോജക്ട് ഓഫീസര്‍ പി.വിനോദ് ഈ ചട്ടം ശ്രദ്ധിച്ചിരുന്നില്ല. ഈ ചട്ടം യുഡിഎഫ് സ്ഥാനാര്‍ഥി സിറാജ് വരാണാധികാരിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ ഇതിനോടകം കൗണ്‍സിലര്‍മാരില്‍ പലരും ഹാള്‍ വിട്ടിരുന്നു. ഇതോടെയാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയതായി വരാണാധികാരി പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പിന് ശേഷം പുറത്തിറങ്ങിയ ടി.എം റഷീദിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റശ്രമം നടത്തിയിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. അധാര്‍മ്മികമായ നടപടിയാണ് തെരഞ്ഞെടുപ്പിലുണ്ടായതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി വി.എം സിറാജ് പറഞ്ഞു.