കോട്ടയം : മുല്ലപ്പെരിയാര്‍ പാട്ടക്കരാർ എത്രയും വേഗം റദ്ദാക്കണമെന്ന് സുപ്രീം കോടതിയിൽ കേസ് നൽകിയ സുരക്ഷ ചാരിറ്റബിൾ ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. സോനു അഗസ്റ്റിൻ. സുപ്രീംകോടതി ഉത്തരവ് പ്രകാരം കേരളത്തിന് ഇന്ന് തന്നെ കരാർ റദ്ദാക്കാം. കരാർ വ്യവസ്ഥയിൽ ഗുരുതരമായ ലംഘനം തമിഴ്‌നാട് നടത്തിക്കഴിഞ്ഞു. 2014ൽ സുപ്രീംകോടതി അടിയന്തരമായി നടപ്പാക്കണം എന്നുപറഞ്ഞ അറ്റകുറ്റപ്പണികള്‍ തമിഴ്‌നാട് ഇതുവരെ നടത്തിയിട്ടില്ല.
അടിയന്തര സാഹചര്യത്തിൽ ജലം വേഗത്തിൽ ഒഴുക്കിക്കളയാൻ ടണൽ നിർമിക്കണം എന്ന നിർദേശവും തമിഴ്‌നാട് നടപ്പാക്കിയിട്ടില്ല. ഇക്കാര്യത്തിൽ എല്ലാം സംസ്ഥാന സർക്കാർ നിസ്സംഗത തുടരുകയാണ്. ഡാം പൊട്ടിയാൽ ഇടുക്കി ഡാം ആ വെള്ളം താങ്ങുമെന്ന സുപ്രീം കോടതി നിരീക്ഷണം മണ്ടത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 139.5 അടിയാക്കണമെന്ന് സുപ്രീം കോടതി
അടിക്കടി ഭൂചലനം സംഭവിക്കുന്ന മേഖലയിൽ പഴയഡാം സുരക്ഷിതമല്ലെന്ന് മുല്ലപ്പെരിയാർ സമരസമിതി ജനറൽ കൺവീനർ ഷാജി പി ജോസഫ് പറഞ്ഞു. നിലവിലെ ഡാമിന് 500 മീറ്റർ താഴെയായി ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പുതിയ ഡാം നിർമിച്ച് കേരളത്തിലെ ജനങ്ങളുടെ ഭീതി അകറ്റണം. ഇതിനാവശ്യമായ നടപടികൾ സർക്കാർ എടുക്കണം. തമിഴ്‌നാട് മുഖ്യമന്ത്രിയുമായി കേരള മുഖ്യമന്ത്രി ഇക്കാര്യം ചർച്ച ചെയ്യണം.
ചര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യമാണിത്. മുല്ലപ്പെരിയാർ സമരത്തിൽ പങ്കെടുത്ത റോഷി അഗസ്റ്റിൻ മന്ത്രിയായിരിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.