കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും കൂടുതല്‍ സീറ്റ് ആവശ്യപ്പെടും. നിലവിലുള്ള സീറ്റിനു പുറമെ ഒരെണ്ണം കൂടിയാവും ആവശ്യപ്പെടുക. അമ്പിളി ജേക്കബ് മല്‍സരിക്കാനും സാധ്യതയുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നുണ്ട്. യുഡിഎഫില്‍ നിന്നും ജോസ് കെ മാണിയും കൂട്ടരും വിട്ടുപോയതാണ് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്‍റെ പ്രതീക്ഷ. നിലവില്‍ പിറവം സീറ്റില്‍ മാത്രമാണ് ജേക്കബ് വിഭാഗം മത്സരിക്കുന്നത്.
ഇത്തവണ ജോസഫ് വിഭാഗത്തിന് കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകളും നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകില്ല. അഞ്ചു സീറ്റുകളെങ്കിലും ജോസഫിനും കൂട്ടര്‍ക്കും വിട്ടുവീഴ്ച ചെയ്യേണ്ടിവരും. ഈ സാഹചര്യത്തില്‍ നിലവില്‍ മല്‍സരിക്കുന്ന സീറ്റിന് പുറമെ ഒരെണ്ണം കൂടി ആവശ്യപ്പെടാനാണ് ജേക്കബ് വിഭാഗത്തിന്‍റെ നീക്കം. സീറ്റുകളെ സംബന്ധിച്ച് പാര്‍ട്ടി കമ്മിറ്റി ആലോചിച്ചിട്ടുണ്ട്. യുഡിഎഫ് സീറ്റ് ചര്‍ച്ചയ്ക്കായി വിളിക്കുമ്പോള്‍ ഇക്കാര്യം ഉന്നയിക്കും. അര്‍ഹമായ പരിഗണന മുന്നണിയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ അനൂപ് ജേക്കബ് എംഎല്‍എ വ്യക്തമാക്കി.