കോട്ടയം: മണർകാട് പൊലീസ് സ്റ്റേഷനിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവാസിന്റെ മരണം തുങ്ങിമരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പോസ്റ്റ് മോര്‍ട്ടത്തില്‍ ശരീരത്തിന്റെ ചില ഭാഗത്ത് ചതവുകൾ ഉള്ളതായും കണ്ടെത്തിയിരുന്നു.
പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് നാട്ടുകാരും ബന്ധുക്കളുമായുണ്ടായ പിടിവലിയിൽ സംഭവിച്ചതാവാം ഇതെന്നാണ് നിഗമനം. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടായ അനാസ്ഥ ചൂണ്ടിക്കാട്ടി സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ സെബാസ്റ്റ്യൻ വർഗീസ്, ജി ഡി ചാർജ് എ എസ് ഐ പ്രസാദ് എന്നിവരെ വകുപ്പ് തല നടപടിയുടെ ഭാഗമായി സസ്പെന്‍റ് ചെയ്തിരുന്നു.
തിങ്കളാഴ്ച്ച രാത്രിയോടെ മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കിയ നവാസിനെ സഹോദരന്റെ പരാതിയെ തുടർന്നാണ് മണർകാട് പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. വൈദ്യ പരിശോധനക്ക് ശേഷം മണർകാട് സ്റ്റേഷനിൽ എത്തിച്ച നവാസിനെ ഏതാനും മണിക്കൂറുകൾക്ക് ശേഷം കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്റ്റേഷനോട് ചേർന്നുള്ള ശുചിമുറിയിൽ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരുഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത് എത്തുകയും ചെയ്തിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യവാകാശ കമ്മിഷൻ വിഷയത്തിൽ സ്വമേധയ കേസ് എടുത്തു. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യവാകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡെമിനിക്ക് ആവശ്യപ്പെട്ടു.