കോട്ടയം: ഡിജിറ്റല്‍ ഉപകരണങ്ങളുടെ അഭാവത്തിൽ ഒരു വിദ്യാര്‍ഥിയുടെയും ഓണ്‍ലൈന്‍ പഠനം മുടങ്ങരുതെന്ന് സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. കോട്ടയത്ത് വിദ്യാർഥികൾക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങൾ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന കലക്ടറേറ്റില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ നിരവധി വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. സഹകരണ വകുപ്പിന്‍റെ "വിദ്യാതരംഗിണി" വായ്‌പ പദ്ധതിയില്‍ നിന്ന് കോട്ടയം ജില്ലക്കായി 2.5 കോടി രൂപയോളം നല്‍കിയിരുന്നു. ജില്ലയിലെ എല്ലാ വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. ഡിജിറ്റൽ ഉപകരണങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ പൊതു പഠനകേന്ദ്രങ്ങളിൽ എത്തി ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ
ഒരു കുട്ടിയെ ഒരു യൂണിറ്റായി കണക്കാക്കുമ്പോള്‍ കോട്ടയം ജില്ലയിൽ ഒന്നാം ക്ലാസ് മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള 14,834 വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. നിലവില്‍ ഒരു വീട്ടില്‍ ഒരു ഫോണ്‍ ഉപയോഗിച്ചു പഠിക്കുന്ന ഒന്നിലധികം കുട്ടികളുണ്ടെങ്കില്‍ അവരില്‍ എല്ലാവര്‍ക്കും ഡിജിറ്റൽ പഠനോപകരണങ്ങള്‍ നല്‍കണം. ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ മന്ത്രി യോഗത്തിൽ നിർദേശം നൽകി.
വിതരണ പ്രവര്‍ത്തനങ്ങളില്‍ എംഎല്‍എമാരുടെ സഹകരണവും തേടാവുന്നതാണ്. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ ഏകോപിതമായ പ്രവര്‍ത്തനം ഉണ്ടാകണമെന്നും അനുമതി ലഭിക്കുന്ന പക്ഷം ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നത് പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്ന് ജില്ല പഞ്ചായത്ത് വാഗ്‌ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു.
Also read: മത്സ്യബന്ധന തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും; മന്ത്രി സജി ചെറിയാൻ