കോട്ടയം: ജർമ്മനിയിൽ മരിച്ച ആപ്പാഞ്ചിറ പൂഴിക്കോൽ മുടക്കാമ്പുറത്ത് നിതികയുടെ മാതാപിതാക്കളെ മന്ത്രി വി. എൻ. വാസവൻ സന്ദർശിച്ചു. നിതികയുടെ മൃതദേഹം എത്രയും വേഗം നാട്ടിൽ എത്തിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. എംബസിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ജർമ്മനിയിലെ കീല് ക്രിസ്റ്റ്യാന്‍ ആല്‍ബ്റെഷ്ട് യൂണിവേഴ്സിറ്റിയില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ മെഡിക്കല്‍ ലൈഫ് സയന്‍സ് ഉപരിപഠനത്തിനായി ഒന്‍പതു മാസം മുന്‍പാണ് നിതിക ജർമനിയിലേക്ക് പോയത്. എന്നാൽ വെള്ളിയാഴ്‌ച നികിതയെ സ്റ്റുഡന്‍റ്സ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച വിവരം.
ALSO READ: കോട്ടയം സ്വദേശിയായ വിദ്യാർഥിനി ജർമ്മനിയിൽ മരിച്ച നിലയിൽ
മകൾക്ക് ഒരു വിഷമവും ഉണ്ടായിരുന്നില്ലന്നും അവസാനം ഫോണിൽ സംസാരിച്ചപ്പോഴും സന്തോഷവതിയായിരുന്നെന്നും മാതാപിതാക്കൾ പറഞ്ഞു. അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലേ മരണകാരണം വ്യക്തമാകുകയുള്ളു. പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരിക.
ഛത്തീസ്‌ഗഡിൽ സൈനിക ആശുപത്രിയിൽ നഴ്‌സാണ് നിതികയുടെ മാതാവ് ട്രീസ. അവിടെ താമസിച്ചിരുന്ന മാതാപിതാക്കളും സഹോദരന്‍ ആഷിഷും മരണ വിവരമറിഞ്ഞാണ് പൂഴിക്കോലിലെ വീട്ടിലെത്തിയത്.