കോട്ടയം: കലോത്സവ ഭക്ഷണ വിവാദത്തിന് പിന്നാലെ, പഴയിടം മോഹനന്‍ നമ്പൂതിരിയെ സന്ദര്‍ശിച്ച് മന്ത്രി വി എന്‍ വാസവന്‍. പഴയിടത്തിന്‍റെ വീട്ടിലെത്തിയാണ് മന്ത്രി അദ്ദേഹത്തെ കണ്ടത്. കലോത്സവത്തിലേക്ക് തിരിച്ചുവരുന്ന കാര്യത്തില്‍ അദ്ദേഹം നല്ല മനസ്സോടെ ചിന്തിക്കുമെന്നാണ് കരുതുന്നതെന്ന് സന്ദര്‍ശനത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
'ഓണത്തിനും വിഷുവിനും ഇസ്റ്ററിനുമെല്ലാം നല്ല പായസം ഉണ്ടാക്കി തന്നിട്ടുണ്ട്. മഹാമാരിയുടെ കാലത്ത് നാട്ടിലെ പാവപ്പെട്ട രോഗികളെ സഹായിക്കാന്‍ ഞങ്ങളോടൊപ്പം നിന്ന തിരുമേനിയെ എങ്ങനെ മറക്കാനാകും. ഏതെങ്കിലും തരത്തില്‍ അതെല്ലാം മറന്നാല്‍ വലിയ തരത്തിലുള്ള അധാര്‍മികതയാകും' - മന്ത്രി അഭിപ്രായപ്പെട്ടു.
നിരവധി സന്ദര്‍ഭങ്ങളില്‍ ഞങ്ങള്‍ അഭ്യര്‍ഥിച്ചിട്ട് അദ്ദേഹം പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കുകയും കല്യാണങ്ങള്‍ നടത്തുകയും ചെയ്‌തിട്ടുണ്ട്. അതെല്ലാം നന്മ നിറഞ്ഞ അദ്ദേഹത്തിന്‍റെ മനസാണ്. ആരെക്കുറിച്ചും പരദൂഷണം പറയാനോ വഴക്കുണ്ടാക്കാനോ അദ്ദേഹം പോകില്ലെന്നും പരമസാത്വികനായ തിരുമേനിയാണ് അദ്ദേഹമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരുമായോ വിദ്യാഭ്യാസ വകുപ്പുമായോ അദ്ദേഹത്തിന് പിണക്കമില്ല. കലോത്സവത്തിലേക്ക് തിരിച്ചുവരുന്ന കാര്യത്തില്‍ അദ്ദേഹം നല്ല മനസ്സോടെ ചിന്തിക്കുമെന്നാണ് കരുതുന്നെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം, സര്‍ക്കാരിന്‍റെ പ്രതിനിധി ആയിട്ടല്ല ഒരു സഹോദരനെപ്പോലെയാണ് മന്ത്രി തന്നെ കാണാന്‍ വന്നതെന്ന് പഴയിടവും പറഞ്ഞു.