കോട്ടയം: മുൻ മന്ത്രിയും മുതിർന്ന കേരള കോൺഗ്രസ് നേതാവുമായിരുന്ന ചങ്ങനാശേരി എംഎൽഎ സിഎഫ് തോമസിന് നാടിന്‍റെ അന്ത്യാഞ്ജലി. നാല് പതിറ്റാണ്ടായി ചങ്ങനാശേരിയെ നയിച്ച നേതാവിന് ജന്മനാട് വിട നല്‍കി. രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ പ്രമുഖരും നൂറു കണക്കിന് നാട്ടുകാരും പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ സെന്‍റ് മേരീസ് കത്തീഡ്രലിലേക്കെത്തി. മൃതദേഹം രാവിലെ 11 മുതൽ പാരിഷ് ഹാളിൽ പൊതുദർശനത്തിന് വെച്ചിരുന്നു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എംഎം ഹസ്സൻ, പിജെ ജോസഫ്, ജോസ് കെ മാണി തുടങ്ങിയ നേതാക്കൾ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. ഏറെക്കാലമായി അർബുദ ബാധിതനായിരുന്ന സിഎഫ് തോമസ് ഞായറാഴ്ച രാവിലെയാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്.