കോട്ടയം: കിടങ്ങൂർ കടപ്പൂർ മുതുക്കാട്ടിൽ വീട്ടിൽ കുട്ടപ്പൻ എന്നറിയപ്പെടുന്ന സെബാസ്റ്റ്യൻ തോമസിന്‍റെ വീടിന്‍റെ പ്രവേശനഭാഗത്തെ മതിലിന് ഇരുവശത്തും 25000 രൂപ ചെലവഴിച്ച് പുൽച്ചെടി നട്ടുപ്പിടിച്ചിരുന്നു. ഇവ മഴയിൽ നശിച്ചുപോയതോടെ, ഇവ മാറ്റി വ്യത്യസ്‌ത നിറത്തിലുള്ള സീലിയ ചെടികൾ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചു.
ഇതിനായി, ഓൺലൈനിലെ പരസ്യം കണ്ട് വിത്ത് വാങ്ങി പാകിയെങ്കിലും മുളച്ചില്ല. പക്ഷേ വിട്ടുകൊടുക്കാൻ സെബാസ്റ്റ്യൻ തോമസ് തയ്യാറായില്ല.
പൂന്തോട്ടമില്ലെങ്കില്‍ നെല്‍പ്പാടം: വ്യത്യസ്‌തമായ കാർഷിക വിളകൾ ഒരുക്കുന്ന സൊബാസ്റ്റ്യൻ പരീക്ഷണാർത്ഥമാണ് നെൽച്ചെടിയിലെത്തിയത്. നെൽകൃഷി ചെയ്യുന്നുണ്ടെങ്കിലും പാടശേഖരത്തിലെ മണ്ണ് എടുക്കാതെ, മതിലിന്‍റെ ഇരുവശവും വൃത്തിയാക്കി, മണ്ണ് ഇളക്കി ഡി വൺ വിത്ത് പാകി. കരനെൽകൃഷി പാടശേഖരത്തിലെതിനെക്കാൾ പ്രയാസമേറിയതാണ്.
വെള്ളം നിലനിൽക്കാത്തതിനാൽ ഒരു ദിവസം മൂന്ന് നേരം ഇവയ്ക്ക് വെള്ളം തളിച്ചിരുന്നു. രാസവള കീടനാശിനി പ്രായോഗമില്ല. ജനുവരി ആദ്യവാരമാണ് കൃഷിയൊരുക്കിയത്. ഇനി 10 ദിവസങ്ങൾക്ക് ശേഷം വിളവെടുക്കും. വീട്ടുമുറ്റത്തൊരുക്കിയ നെൽകൃഷി കാണുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനും നിരവധിപേർ എത്തുന്നുണ്ട്. വരും വർഷവും നെൽകൃഷി ചെയ്യണമെന്നാണ് സെബാസ്റ്റ്യന്‍റെ ആഗ്രഹം.