കോട്ടയം: എം.ജി സർവകലാശാലയിൽ എംബിഎ വിദ്യാർഥിനിയിൽ നിന്നു കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ സെക്ഷൻ അസിസ്റ്റന്‍റ് സി.ജെ എൽസി ജോലിയിൽ പ്രവേശിച്ചത് പത്താം ക്ലാസ് പോലും പാസാകാതെയെന്ന് ആരോപണം. പ്യൂൺ തസ്‌തികയിൽ ജോലി ചെയ്‌ത ശേഷം ഏഴ് വർഷത്തിനുള്ളിലാണ് എൽസി അസിസ്റ്റന്‍റ് തസ്‌തികയിൽ എത്തിയത്. 2010ൽ പരീക്ഷ പോലും നടത്താതെ അഭിമുഖത്തിന്‍റെ മാത്രം അടിസ്ഥാനത്തിലാണ് എൽസിയെ പ്യൂൺ തസ്‌തികയിൽ സ്ഥിരപ്പെടുത്തിയതെന്നും ആരോപണമുണ്ട്.
പരാതി ഉയർന്നിട്ടും അന്വേഷിച്ചില്ല
സ്ഥിരപ്പെടുത്തിയതിന് ശേഷമാണ് സാക്ഷരത മിഷന്‍റെ പത്താം ക്ലാസ് തുല്യത പരീക്ഷ വിജയിക്കുന്നത്. തുടർന്ന് പ്ലസ്‌ടുവും പാസായി. എം.ജി സർവകലാശാലയിൽ നിന്ന് തന്നെയാണ് ഡിഗ്രി നേടിയത്. ജോലിയിൽ ഇരുന്നു കൊണ്ട് തന്നെ റഗുലർ ബിരുദമാണ് നേടിയത്.
ഇതിനെതിരെ പരാതി ഉയർന്നിരുന്നെങ്കിലും അന്വേഷണം ഉണ്ടായില്ല. 2017 നവംബറിൽ പ്രത്യേകം ഒഴിവുകൾ സൃഷ്‌ടിച്ചാണ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍റായി എം.ബി.എ വിഭാഗത്തിൽ ഇവരെ നിയമിച്ചത്.
അസിസ്റ്റന്‍റ് തസ്‌തികയിൽ അപ്പോഴുള്ള ഒഴിവുകളുടെ നാലു ശതമാനം നാല് വർഷത്തിലേറെ സർവീസും ബിരുദവുമുള്ള ലാസ്റ്റ് ഗ്രേഡുകാർക്കായി മാറ്റി വയ്‌ക്കണമെന്നാണ് ചട്ടം. ഇതുപ്രകാരം ജൂനിയറായ എൽസിക്ക് നിയമനം നൽകാൻ കഴിയില്ല. തുടർന്ന് ചട്ടം തിരുത്തിയാണ് 2017ൽ എൽസിക്ക് നിയമനം ഉറപ്പാക്കിയത്.
കൈക്കൂലി കേസിൽ അറസ്റ്റിൽ ആയപ്പോൾ തെളിവ് ശക്തമായതിനാൽ എം.ജി സർവ്വകലാശാല അസോസിയേഷൻ സംഘടനയിൽ നിന്ന് എൽസിയെ പുറത്താക്കി. വിജിലൻസ് എൽസിയുടെ യോഗ്യത സംബന്ധിച്ച് അന്വേഷണം തുടങ്ങി. എൽസിയെ കൂടാതെ സർവകലാശാലയിലെ മറ്റൊരു ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന സംശയവും വിജിലൻസ് അന്വേഷിക്കും.
Also Read: 'ഇടതു മുന്നണിയുടെ രണ്ടാം വരവ് തടയുകയായിരുന്നു ലക്ഷ്യം'; ലോകായുക്തയെ വിടാതെ കെ.ടി ജലീൽ