കോട്ടയം: ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ വീട്ടിൽ മാമ്പഴം ചോദിച്ചെത്തി സ്വർണം കവർന്ന സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇടുക്കി മുട്ടം സ്വദേശി ഉസ്‌താദ് എന്ന് വിളിക്കുന്ന അഷ്‌റഫ് (58), എറണാകുളം മടക്കത്താനം വടക്കേക്കര വീട്ടിൽ ലിബിൻ ബെന്നി (35) എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇവർ കഴിഞ്ഞ 25-ാം തീയതി ഉച്ചയോടുകൂടി സ്‌കൂട്ടറിൽ ഉഴവൂർ പെരുന്താനം ഭാഗത്തുള്ള വൃദ്ധയുടെ വീട്ടിലെത്തുകയും വീടിന്‍റെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന വൃദ്ധയോട് കഞ്ഞിവെള്ളം ആവശ്യപ്പെടുകയും ആയിരുന്നു.
കഞ്ഞിവെള്ളം ഇല്ലെന്ന് പറഞ്ഞപ്പോള്‍ മാമ്പഴം ഉണ്ടോ എന്ന് ചോദിക്കുകയും അത് എടുക്കാൻ വൃദ്ധ അകത്തു പോയ സമയം പ്രതികളിൽ ഒരാൾ വൃദ്ധയുടെ പിന്നാലെ അകത്തു കടക്കുകയും ഇവരെ ബലംപ്രയോഗിച്ച് കട്ടിലിലേക്ക് തള്ളിയിട്ട് ഇവരുടെ കൈയിൽ കിടന്നിരുന്ന വളകളും മോതിരങ്ങളും ബലമായി ഊരി എടുക്കുകയും ചെയ്‌തു. ആറു വളകളും, രണ്ടു മോതിരവും ആണ് ഇയാള്‍ വൃദ്ധയില്‍ നിന്ന് തട്ടിയെടുത്തത്.
ഒപ്പമുണ്ടായിരുന്ന ആള്‍ ഈ സമയം വീടിന്‍റെ മുൻവശത്ത് സ്‌കൂട്ടർ സ്റ്റാർട്ട് ആക്കി കാത്തുനിൽക്കുകയായിരുന്നു. സ്വര്‍ണം എടുത്ത ശേഷം ഇവര്‍ സ്‌കൂട്ടരില്‍ കയറി രക്ഷപ്പെട്ടു. വൃദ്ധയുടെ പരാതിയെ തുടർന്ന് കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശാസ്‌ത്രീയമായ പരിശോധനയിലൂടെയാണ് മോഷ്‌ടാക്കളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. മോഷണ മുതൽ വിൽക്കാൻ സഹായിച്ചതിനാണ് ലിബിൻ ബെന്നിയെ പിടികൂടിയത്. കൂട്ടുപ്രതിക്കായുള്ള തെരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
ഇരുവരെയും തൊടുപുഴ ഭാഗത്തു നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ലിബിൻ ബെന്നിക്ക് തൊടുപുഴ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നീ സ്റ്റേഷനുകളിലും അഷറഫിന് തൊടുപുഴ സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്. കുറവിലങ്ങാട് സ്റ്റേഷൻ എസ്എച്ച്ഒ നിർമൽ ബോസ്, എസ്ഐ വിദ്യ വി, റോജിമോൻ, എഎസ്ഐ വിനോദ് ബിപി, സിപിഒമാരായ ഷിജാസ് ഇബ്രാഹിം, പ്രവീൺകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്: ഇക്കഴിഞ്ഞ മെയ് 28നാണ് ഹൈദരാബാദിലെ ജ്വല്ലറിയില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ സംഘം കടയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കവര്‍ന്നത്. ജ്വല്ലറിയില്‍ എത്തിയ സംഘം ജീവനക്കാരെ തടഞ്ഞു വച്ച് കട മുഴുവന്‍ പരിശോധിച്ചു. പിന്നാലെയാണ് കടയില്‍ സൂക്ഷിച്ചിരിക്കുന്ന കുറച്ച് സ്വര്‍ണത്തിന് നികുതി അടച്ചിട്ടില്ലെന്ന് തട്ടിപ്പ് സംഘം പറഞ്ഞത്. നടപടികള്‍ക്കെന്ന് അറിയിച്ചാണ് ഇവര്‍ സ്വര്‍ണം കൊണ്ടുപോയത്.
മോണ്ട മാർക്കറ്റിലെ ബാലാജി ജ്വല്ലറിയിൽ ആണ് കവർച്ച നടന്നത്. 1.7 കിലോഗ്രാം സ്വർണമാണ് കവര്‍ച്ച സംഘം ജ്വല്ലറിയില്‍ നിന്ന് കവർന്നത്. അഞ്ചംഗ സംഘമാണ് കവർച്ച നടത്തിയത്. രാവിലെ തന്നെ ആദായ നികുതി ഉദ്യോഗസ്ഥരുടെ വേഷവിധാനങ്ങളോടെ ജ്വല്ലറിയിലെത്തിയ പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ തന്നെ കടയിലുള്ളവർക്കോ പരിസരത്തുള്ളവർക്കോ ഒരു സംശയവും തോന്നാത്ത രീതിയിൽ പണം കവർന്ന് മടങ്ങുകയായിരുന്നു.