കോട്ടയം: വൈക്കം ആശ്രമം സ്‌കൂളില്‍ മഹാകവി കുമാരനാശാന്‍റെ കവിതകൾക്കൊപ്പം മെഗാ തിരുവാതിരയിൽ എണ്ണൂറിലധികം വിദ്യാർത്ഥികൾ. കുമാരനാശാന്‍റെ 150-ാം ജന്മവാർഷികത്തിന്‍റെയും വൈക്കം ആശ്രമം സ്‌കൂളിന്‍റെ പ്ലാറ്റിനം ജൂബിലിയുടെയും ഭാഗമായാണ് മെഗാ തിരുവാതിര അരങ്ങേറിയത്. വൈക്കം സത്യഗ്രഹ ചരിത്രമുറങ്ങുന്ന ശ്രീനാരായണ ഗുരു സന്ദർശിച്ചിട്ടുള്ള ആശ്രമം സ്‌കൂളിലെ ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് തിരുവാതിരയിൽ അണിനിരന്നത്.
കുമാരനാശാന്‍റെ 'കരുണ' 'പൂക്കാലം' എന്നീ കൃതികളാൽ ചിട്ടപ്പെടുത്തിയ തിരുവാതിര പാട്ടിനൊപ്പം ചുവടു വെച്ചാണ് പുതുതലമുറ കവിയുടെ 150-ാം ജന്മവാർഷികത്തിന് ആദരവേകിയത്. കവിയുടെ ജന്മവാർഷികത്തിൽ കുട്ടികൾക്കുള്ള ഒരു നല്ല സന്ദേശവും, മഹാകവിക്ക് നൽകുന്ന ആദരവുമാണ് മെഗാ തിരുവാതിരയെന്ന് സ്‌കൂൾ പ്രധാനാധ്യാപിക പിആർ ബിജി പറഞ്ഞു. മോൻസ് ജോസഫ് എംഎൽഎ മുഖ്യാതിഥി ആയി. രക്ഷിതാക്കളും അധ്യാപകരുമടക്കം നിരവധി പേർ കാഴ്‌ചക്കാരായി.
കേരള സാരിക്കൊപ്പം പച്ച നിറത്തിലുള്ള ബ്ലൗസും ധരിച്ച് കേരളീയ തനിമയോതി കവിതകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ ചുവടുവെച്ചു. വൈക്കം സത്യഗ്രഹ സമരകാലത്ത് സമരാവശ്യങ്ങൾക്കായി ശ്രീനാരായണ ഗുരുദേവൻ വിലക്ക് വാങ്ങിയ, ഇന്നും ഗുരുദേവന്‍റെ പേരിൽ കരമടയ്ക്കുന്ന സ്ഥലത്താണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. മഹാത്മ ഗാന്ധി, ടി.കെ മാധവൻ തുടങ്ങിയവർ വൈക്കം സത്യഗ്രഹ പരിപാടിയിൽ സ്‌കൂള്‍ സന്ദർശിച്ചിട്ടുണ്ട്.