കോട്ടയം : മറിയപ്പള്ളി മുട്ടത്തെ പാറക്കുളത്തിലേക്ക് ലോറി മറിഞ്ഞ് മരിച്ച ബി.അജികുമാറിന് (46) അപകടത്തിന് മുന്‍പ് ഹൃദയാഘാതം സംഭവിച്ചുവെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരണം സംഭവിച്ചത് ശ്വാസകോശത്തിൽ ചെളിവെള്ളം കയറിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്‌ച രാത്രി 9.30ഓടെയായിരുന്നു മുട്ടത്തെ പാറക്കുളത്തിലേക്ക് ലോറി മറിഞ്ഞത്.
തുടർന്ന് 18 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ശനിയാഴ്‌ച വൈകുന്നേരം ലോറി ഉയർത്തിയപ്പോൾ അജികുമാറിന്‍റെ മൃതദേഹം ക്യാബിനുള്ളിൽ കണ്ടെത്തുകയായിരുന്നു. അപകടകാരണം എന്താണെന്ന് അപ്പോള്‍ വ്യക്തമായിരുന്നില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ലോറി നിയന്ത്രണം വിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
മുട്ടത്തെ കൊഴുവത്തറ ഏജൻസിയെന്ന വളം ഡിപ്പോയിൽനിന്ന് വളം കയറ്റി ആലപ്പുഴ ചേപ്പാട്ട് പോകുന്നതിനിടെ പാറക്കുളത്തിലേക്ക് ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.